എ എച്ച് ജി ദുബൈയില്‍ ഡയബെറ്റിക് സെന്റര്‍ ആരംഭിക്കും

Posted on: April 9, 2015 4:00 pm | Last updated: April 9, 2015 at 4:58 pm

ദുബൈ: അറേബ്യന്‍ ഹെല്‍ത് കെയറി (എ എച്ച് ജി)ന് കീഴില്‍ ദുബൈയിലും റാസല്‍ ഖൈമയിലും പ്രമേഹ രോഗത്തെ സമഗ്രമായി പ്രതിരോധിക്കാന്‍ ഡയബറ്റിക് സെന്റര്‍ ആരംഭിക്കുമെന്ന് ഗ്രൂപ്പ് സി ഇ ഒ ഡോ. റാസ സിദ്ദീഖി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആര്‍ എ കെ ഡയബെറ്റ്‌സ് സെന്റേഴ്‌സ് എന്ന പേരിലാവും ഇത് അറിയപ്പെടുക. ദുബൈയിലും റാസല്‍ ഖൈമയിലും അധികം വൈകാതെ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. 2020 ആവുമ്പോഴേക്കും യു എ ഇയിലെ എല്ലാ എമിറേറ്റിലും ചുരുങ്ങിയത് ഒരെണ്ണം വീതമെങ്കിലും സ്ഥാപിക്കാനാണ് പദ്ധതി. പ്രമേഹ രോഗികളെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് എല്ലാ അത്യാധുനിക ചികിത്സ സംവിധാനങ്ങളും ഉള്‍പെടുന്ന സെന്ററുകള്‍ സ്ഥാപിക്കുന്നത്. യു എസ് ഗുണനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ യു എ ഇ നിവാസികള്‍ക്ക് താങ്ങാവുന്ന നിരക്ക് മാത്രമേ ഈടാക്കുകയുള്ളു.
റാസല്‍ ഖൈമ സര്‍ക്കാറിന്റെ കീഴിലാണ് എ എച്ച് ജി പ്രവര്‍ത്തിക്കുന്നത്. സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് എ എച്ച് ജി. ആര്‍ എ കെ ഹോസ്പിറ്റലാണ് ഗ്രൂപ്പിന് കീഴിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ സ്ഥാപനം. റാസല്‍ ഖൈമയിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനാണ് ആശുപത്രി 2011ല്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്നും റാസ പറഞ്ഞു.
പ്രമേഹം സുഭിക്ഷതയുടെ രോഗമാണെന്ന് ചീഫ് വെല്‍നസ് ഓഫീസറായ പ്രൊഫ. ആഡ്രിയാന്‍ കെന്നഡി അഭിപ്രായപ്പെട്ടു. ഡയബെറ്റ്‌സ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഐന പി കോര്‍ണല്‍ പങ്കെടുത്തു.