ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ശൈഖ് മുഹമ്മദ് വിതരണം ചെയ്തു

Posted on: April 9, 2015 4:57 pm | Last updated: April 9, 2015 at 4:57 pm
dubai_excellence
ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് വിതരണച്ചടങ്ങില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും മറ്റു വിശിഷ്ട വ്യക്തികളും

ദുബൈ: 18-ാമത് ദുബൈ ഗവണ്‍മെന്റിന്റെ എക്‌സലന്‍സ് അവാര്‍ഡ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിതരണം ചെയ്തു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്നലെ രാവിലെ നടന്ന പ്രൗഡമായ പരിപാടിയിലാണ് അവാര്‍ഡ് വിതരണം നടന്നത്.

സര്‍ക്കാറിനു കീഴില്‍ ഏറ്റവും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളും സേവനങ്ങളും കാഴ്ചവെച്ച വകുപ്പുകള്‍, വ്യക്തികള്‍, സംരംഭങ്ങള്‍, പദ്ധതികള്‍, സംഘങ്ങള്‍ തുടങ്ങിയവക്കാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്. ഏറ്റവും കൂടുതല്‍ ഉപഭോക്തൃ സംതൃപ്തി പിടിച്ചുപറ്റിയ വകുപ്പിനും പ്രത്യേകം ആദരവ് നല്‍കി.
ദുബൈ നഗരസഭ, ദിവ, ദുബൈ സിവില്‍ ഡിഫന്‍സ്, ആര്‍ ടി എ, ദുബൈ പോലീസ് തുടങ്ങിയവക്കാണ് അവാര്‍ഡ് ലഭിച്ചത്. വിവിധ സേവനങ്ങള്‍ പരിഗണിച്ച് ആര്‍ ടി എ, ദുബൈ പോലീസ് എന്നിവക്കാണ് ഏറ്റവും കൂടുതല്‍ അവാര്‍ഡ് ലഭിച്ചത്. വകുപ്പുകള്‍ക്കു പുറമെ മികച്ച സേവനം കാഴ്ച വെച്ചവര്‍ക്ക് വ്യക്തിഗത പുരസ്‌കാരങ്ങളും സംഗമത്തില്‍ വിതരണം ചെയ്തു.
ദുബൈ മതകാര്യ വകുപ്പിലെ പ്രമുഖ പണ്ഡിതനും മുഫ്തിയുമായ ഡോ. അഹ്മദ് അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ്, ദുബൈ ഇക്കണോമിക് ഡിവലപ്‌മെന്റിലെ ഇവന്റ്‌സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥ ലൈലാ സുഹൈല്‍, ആരോഗ്യവകുപ്പിലെ ഹൃദയ ശസ്ത്രക്രിയാ സ്‌പെഷ്യലിസ്റ്റ് ഡോ. ഫഹദ് ഉമര്‍ ബാ സ്വലീബ് തുടങ്ങിയ 15 പേര്‍ക്കുള്ള വ്യക്തിഗത അവാര്‍ഡുകളും ശൈഖ് മുഹമ്മദ് വിതരണം ചെയ്തു. പോലീസിനു വേണ്ടി മേധാവി മേജര്‍ ജനറല്‍ ഖമീസ് മതര്‍ അല്‍ മുസീന, ദിവക്കുവേണ്ടി എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായറും അവാര്‍ഡ് ഏറ്റുവാങ്ങി. ഇന്ത്യക്കാരുള്‍പെടെ വിദേശികളും ആദരിക്കപ്പെട്ടവരില്‍ ഉല്‍പെടും.
ചടങ്ങില്‍ എക്‌സലന്‍സ് അവാര്‍ഡിന്റെ മുന്‍ വര്‍ഷങ്ങളിലെ പരിപാടികളുടെ ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. അവാര്‍ഡ് ജേതാക്കള്‍ക്ക് ഭരണാധികാരികള്‍ക്ക് നന്ദി പ്രകാശിപ്പിക്കാനും അവസരമുണ്ടായി. ശൈഖ് മുഹമ്മദിനു പുറമെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ പൊതുസുരക്ഷാ ഉപമേധാവി ദാഹി ഖല്‍ഫാന്‍ തമീം തുടങ്ങി പ്രമുഖരുടെ സാന്നിധ്യം പരിപാടിയെ പ്രൗഡമാക്കി.