തോമസ് ഉണ്ണിയാടന്‍ പുതിയ ചീഫ് വിപ്പ്

Posted on: April 9, 2015 11:57 am | Last updated: April 10, 2015 at 12:04 am

unniyadan

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) നേതാവും ഇരിങ്ങാലക്കുട എം എല്‍ എയുമായ തോമസ് ഉണ്ണിയാടനെ പുതിയ സര്‍ക്കാര്‍ ചീഫ് വിപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചെന്ന് ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം പൂര്‍ണമായും നടപ്പിലാക്കുമെന്ന് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.

മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് സി എഫ് തോമസിന്റെ പേരാണ് പ്രധാനമായും ചീഫ് വിപ്പ് സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിച്ചിരുന്നതെങ്കിലും ചീഫ്‌വിപ്പാകാന്‍ സി എഫ് തോമസ് താത്പര്യക്കുറവ് പ്രകടിപ്പിച്ചതോടെയാണ് തോമസ് ഉണ്ണിയാടന്റെയും ഡോ. എന്‍ ജയരാജന്റെയും പേരുകള്‍ പരിഗണിച്ചത്. ഉണ്ണിയാടന്റെ പേരിന് തന്നെയാണ് മുന്‍തൂക്കം ലഭിച്ചത്. ഇതുസംബന്ധിച്ച് കെ എം മാണിയും പി ജെ ജോസഫും തമ്മില്‍ ആദ്യഘട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു.
തുടര്‍ച്ചയായി മൂന്ന് തവണ ഇരിങ്ങാലക്കുടയില്‍ നിന്ന് ജയിച്ചാണ് തോമസ് ഉണ്ണിയാടന്‍ നിയമസഭയിലെത്തിയത്. 2011ല്‍ സി പി എമ്മിലെ കെ ആര്‍ വിജയയെ 12,404 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കേരള കോണ്‍ഗ്രസ്എം യൂത്ത് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റായിരുന്നു.
പ്രമുഖ അഭിഭാഷകന്‍ കൂടിയായ തോമസ് ഉണ്ണിയാടന്‍ വൈക്കം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റാണ്.
അതേസമയം ചീഫ്‌വിപ്പ് സ്ഥാനത്ത് നിന്ന് പി സി ജോര്‍ജിനെ മാറ്റിയതായുള്ള സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. മാണിയും ജോര്‍ജും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ  ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.