Connect with us

Kerala

ഹര്‍ത്താല്‍ ദിനത്തില്‍ എം എല്‍ എ കാറില്‍ യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത ഹര്‍ത്താല്‍ വിരുദ്ധ പ്രവര്‍ത്തകന് മര്‍ദനം

Published

|

Last Updated

കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ യാത്രക്കാര്‍ വാഹനം ലഭിക്കാതെ വലയുന്നതിനിടെ കാറില്‍ യാത്ര ചെയ്ത സി പി എം. എം എല്‍ എയെ ചോദ്യം ചെയ്ത ഹര്‍ത്താല്‍ വിരുദ്ധ പ്രവര്‍ത്തകന് മര്‍ദനം. എറണാകുളത്ത് ട്രെയിനിറങ്ങിയ എ. പ്രദീപ് കുമാര്‍ എം എല്‍ എ കാറില്‍ യാത്ര ചെയ്യുന്നത് ക്യാമറയില്‍ പകര്‍ത്തുകയും ചോദ്യം ചെയ്യുകയും ചെയ്ത സേനോ ടു ഹര്‍ത്താല്‍ എന്ന സംഘടനയുടെ കണ്‍വീനര്‍ രാജു പി നായരെയാണ് സി പി എം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്. വഴിയില്‍ കുടുങ്ങിപ്പോകുന്ന യാത്രക്കാരെ ലക്ഷ്യ സ്ഥാനങ്ങളില്‍ എത്തിക്കാനുള്ള ദൗത്യവുമായി എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വാഹനങ്ങളുമായി നിലയുറപ്പിച്ച സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകരുടെ മുന്നിലേക്ക് രാവിലെ സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് ആദ്യം എത്തിയത്. പന്ന്യന്‍ രവീന്ദ്രനോട് ജനത്തെ വലയ്ക്കുന്ന ഹര്‍ത്താലിന്റെ ആവശ്യകതയെക്കുറിച്ച് ഹര്‍ത്താല്‍ വിരുദ്ധ പ്രവര്‍ത്തകര്‍ സംസാരിച്ചു. പന്ന്യന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ടു നിന്ന യാത്രക്കാരും പ്രതികരിച്ചതോടെ രംഗത്തെത്തിയതോടെ പന്ന്യന്‍ സംവാദം മതിയാക്കി മടങ്ങി. പിന്നാലെയാണ് എ പ്രദീപ്കുമാര്‍ എം എല്‍ എ ്‌ട്രെയിനില്‍ വന്നിറങ്ങിയത്. ഹര്‍ത്താലല്ലേ വണ്ടിയുമായി പോകാമോ എന്ന ചോദ്യവുമായി എത്തിയ രാജു പി നായര്‍ പ്രദീപ്കുമാര്‍ കാറിലിരിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ രാജുവിനെ തടയുകയും ഫോണ്‍ പിടിച്ചു വാങ്ങിയ ശേഷം മര്‍ദിക്കുകയുമായിരുന്നു. പാര്‍ട്ടി അനുഭാവി കാറുമായി എത്തിയത് ശരിയായില്ലെന്ന് എ. പ്രദീപ്കുമാര്‍ എം എല്‍ എ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Latest