Connect with us

Kerala

ഫ്‌ളോട്ടിംഗ് സോളാര്‍ പാനലിലൂടെ വൈദ്യുതി യാഥാര്‍ഥ്യമാവുന്നു

Published

|

Last Updated

കൊല്ലം: വെള്ളത്തില്‍ ഫ്‌ളോട്ടിംഗ് സോളാര്‍ പാനല്‍ സ്ഥാപിച്ച് അതില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബൃഹത് പദ്ധതി കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയില്‍ നടപ്പാക്കുന്നു. പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിലെ കടാപുഴ- കാരാളിമുക്ക് റോഡിനോട് ചേര്‍ന്നുള്ള 330 ഏക്കര്‍ പാടത്താണ് ഫ്‌ളോട്ടിംഗ് സൗരോര്‍ജ പദ്ധതി നടപ്പാക്കുന്നത്. വന്‍തോതിലുള്ള മണലൂറ്റും ചെളിയെടുപ്പും കാരണം വെള്ളക്കെട്ടായി മാറുകയും കൃഷി ഇല്ലാതാകുകയും ചെയ്ത പ്രദേശമാണ് ഇത്. 50 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നാഷനല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷനും കേരള ഇലക്ട്രിസിറ്റി ബോര്‍ഡും സംയുക്തമായാണ് പ്രസ്തുത പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.
600 കോടി രൂപയാണ് ഫ്‌ളോട്ടിംഗ് സോളാര്‍ പവര്‍ പ്രൊജക്ടിന്റെ അടങ്കല്‍ തുക. ഈ തുക പൂര്‍ണമായും വഹിക്കുന്നത് നാഷനല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷനാണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയിലുള്ള സോളാര്‍ പവര്‍ പ്രൊജക്ടാണ് സ്ഥാപിക്കുന്നത്. നിലവില്‍ ജപ്പാനില്‍ മാത്രമാണ് ഈ മാതൃകയിലുള്ള സോളാര്‍ പവര്‍ പദ്ധതിയുള്ളത്. ജപ്പാനിലേത് 13.4 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ്. എന്നാല്‍, പടിഞ്ഞാറെ കല്ലടയില്‍ സ്ഥാപിക്കുന്ന സോളാര്‍ പവര്‍ പ്രൊജക്ട് 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതിയാണ് ഇതിലൂടെ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. യാതൊരു വിധ പാരിസ്ഥിതികാഘാതം ഇല്ലാതെയും ജനവാസത്തെ ബാധിക്കാത്ത വിധത്തിലുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി അറിയിച്ചു.
150 ഓളം കുടുംബങ്ങളാണ് നിര്‍ദിഷ്ട പദ്ധതി പ്രദേശത്ത് താമസിക്കുന്നത്. ഇത്രയും കുടുംബങ്ങളെ ഉള്‍പ്പെടുത്തി വെസ്റ്റ് കല്ലട നോണ്‍- കണ്‍വെന്‍ഷനല്‍ എനര്‍ജി പ്രമോട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി രൂപവത്കരിച്ചിട്ടുണ്ട്. കലക്ടറും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും സര്‍ക്കാര്‍ നോമിനികളും അടങ്ങുന്ന കമ്പനിക്കാണ് ഭരണച്ചുമതല. സ്ഥല ഉടമകള്‍ക്ക് ലീസ്‌റെന്റ് ലഭ്യമാക്കും. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആരെയും കുടിയൊഴിപ്പിക്കേണ്ടി വരികയോ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്ക് ഭീഷണി ഉണ്ടാവുകയോ ചെയ്യുന്ന സ്ഥിതി വിശേഷം ഇല്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
സോളാര്‍ പവര്‍ പ്രൊജക്ട് യാഥാര്‍ഥ്യമാക്കുന്നതിന്റെ മുന്നോടിയായി രണ്ട് മാസം മുമ്പെ അധികൃതര്‍ നിര്‍ദിഷ്ട പദ്ധതി പ്രദേശം സന്ദര്‍ശിച്ച് സര്‍വെയും മണ്ണ് പരിശോധനയും നടത്തിയിരുന്നു. പരിശോധനയില്‍ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയതോടെയാണ് പദ്ധതി നടപ്പാക്കാന്‍ അനുമതി ലഭിച്ചത്. ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൗലാനാ ആസാദ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയാണ് പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോട്ട് (ഡി പി ആര്‍) തയ്യാറാക്കി കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര ഊര്‍ജ വകുപ്പിന് സമര്‍പ്പിച്ചത്. സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയായതോടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ തുടങ്ങും. മെയ് മാസത്തില്‍ സോളാര്‍ പവര്‍ പ്രൊജക്ടിന്റെ നിര്‍മാണോദ്ഘാടനം നടത്താനാണ് അധികൃതരുടെ തീരുമാനം. അന്തിമ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തുന്നതിന് വഴിതെളിഞ്ഞത്. ഒരു വര്‍ഷം കൊണ്ട് പദ്ധതി യാഥാര്‍ഥ്യമാക്കും. പദ്ധതി ഇംപ്ലിമെന്റ് ചെയ്യുന്നത് കെ എസ് ഇ ബിയും മോണിറ്ററിംഗ് നടത്തുന്നത് പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തുമാണ്.
അനിയന്ത്രിതമായ മണ്ണെടുപ്പും ഖനനവും ചെളിയെടുപ്പും മൂലം പാരിസ്ഥിതികാഘാതം നേരിട്ടിരുന്ന പ്രദേശമായിരുന്നു ഇത്. എന്നാല്‍, ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിച്ചതോടെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടെ മണ്ണെടുപ്പ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്ക് അന്ത്യം കുറിക്കാന്‍ കഴിഞ്ഞു. ശാസ്താംകോട്ട തടാകത്തിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയാന്‍ കാരണം അനിയന്ത്രിതമായ മണലെടുപ്പാണെന്ന് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. മണ്ണ് ഖനനവും ചെളിയെടുപ്പും പൂര്‍ണമായും ഇല്ലാതാക്കിയ ശേഷമാണ് വികസന രംഗത്ത് നാഴികക്കല്ലായി മാറിയേക്കാവുന്ന ഈ പദ്ധതിക്ക് പടിഞ്ഞാറെ കല്ലടയില്‍ തുടക്കമാവുന്നത്. കേരളത്തിന്റെ വൈദ്യുത മേഖലയില്‍ പുതിയ വിപ്ലവം തന്നെ സൃഷ്ടിക്കുന്ന ഈ ബൃഹത്പദ്ധതിക്ക് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.