അങ്ങയുടെ നിസ്സഹായത ഞാന്‍ മനസ്സിലാക്കുന്നു

Posted on: April 9, 2015 6:25 am | Last updated: April 8, 2015 at 11:29 pm

പി സി ജോര്‍ജ് മുഖ്യമന്ത്രിക്കയച്ച കത്തിന്റെ സംക്ഷിപ്ത രൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,
അങ്ങും രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടി സാഹിബും പി പി തങ്കച്ചനും അടങ്ങുന്ന യു ഡി എഫ് നേതൃത്വം മുന്‍കൈയെടുത്ത് കെ എം മാണിയെക്കൊണ്ട് സമ്മതിപ്പിച്ച് എന്നെ ഏല്‍പ്പിച്ച ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും എന്നെ നീക്കം ചെയ്യുകയാണെന്ന് അങ്ങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഏറെ സന്തോഷത്തോടെയാണ് ഞാന്‍ ശ്രവിച്ചത്.
2011ലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം സര്‍ക്കാറില്‍ മൂന്ന് മന്ത്രിസ്ഥാനത്തിന് കേരള കോണ്‍ഗ്രസിനുള്ള അവകാശം പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍, രണ്ട് മന്ത്രിസ്ഥാനവും ഒരു ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും മതിയെന്ന ഏകപക്ഷീയ നിലപാടാണ് കെ എം മാണി സ്വീകരിച്ചത്. പൂവാറിലെ റിസോര്‍ട്ട് സമുച്ചയവും രാജ്യത്തിന് വെളിയില്‍ പടുത്തുയര്‍ത്തുന്ന അന്താരാഷ്ട്ര നിലവാരമുള്ള മെഡിസിറ്റിയുമൊക്കെ ആരുമറിയാതെ പൂര്‍ത്തിയാകണമെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വാങ്ങി പി സി ജോര്‍ജ് മിണ്ടാതിരിക്കേണ്ടത് ആവശ്യമാണെന്ന മാണിയുടെ കാഞ്ഞ ബുദ്ധിയെ നമിക്കാതിരിക്കാനാകില്ല.
എന്റെ പാര്‍ട്ടിക്കുള്ളില്‍ ഞാന്‍ ഒരു നിലപാട് സ്വീകരിച്ചിരുന്നു. വളഞ്ഞ വഴിയിലൂടെ മാണി മകനെ പാര്‍ട്ടിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കാനും ആ പയ്യനെ അങ്ങയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയായി എത്തിക്കാനും മാണി നടത്തിയ എല്ലാ നീക്കങ്ങളെയും ഞാന്‍ അനുകൂലിച്ചിരുന്നില്ലെന്ന് പൊതുസമൂഹത്തിനറിയാം. അന്ധമായ പുത്രവാത്സല്യത്തിന്റെ പിടിയിലമര്‍ന്ന് കുലം മുടിയാന്‍ കാരണഭൂതനായ ധൃതരാഷ്ട്രരുടെ അവസ്ഥയിലാണ് ഇന്ന് കെ എം മാണി. അത് ക്രമേണ യു ഡി എഫിനെയും ബാധിക്കുന്നത് അങ്ങേക്കും യു ഡി എഫ് നേതൃത്വത്തിനും കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവരും.
സോളാര്‍ കേസ്, ബാര്‍ കോഴ തുടങ്ങി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കായി എല്ലാ സാമ്പത്തിക കുംഭകോണ വിവാദങ്ങളിലെയും മുഖ്യ പങ്കാളിയാണ് ജോസ് കെ മാണി എന്നാണറിയുന്നത്. മകന്‍ ഉള്‍പ്പെട്ട ഒരു ക്രമക്കേട് മാര്‍ച്ച് 21ന് കെ എം മാണിയോട് പറയുകയും ഇനി അനുവദിക്കാന്‍ സാധ്യമല്ലെന്ന് നിലപാടെടുക്കുകയും ചെയ്തതാണ് ഒറ്റ രാത്രി കൊണ്ട് എന്നെ മുഖ്യശത്രുവായി കരുതാന്‍ മാണിയെ പ്രേരിപ്പിച്ചത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഞാന്‍ പിന്നീട് വ്യക്തമാക്കാം. പാര്‍ട്ടിയിലെ ഓരോരുത്തരെയും കൊണ്ട് മകനെ ‘സാറെ’ എന്ന് വിളിപ്പിക്കുന്ന സംഘടനാ പ്രവര്‍ത്തനം മാത്രമാണ് മാണി ഇപ്പോള്‍ നടത്തുന്നത്. ‘മാണി സാര്‍’ എന്നത് എസ് എസ് എല്‍ സി ബുക്കിലെ അങ്ങേരുടെ പേരാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ഒരുപാട് മഠയന്‍മാരുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. ധനമന്ത്രി എന്ന നിലയില്‍ കെ എം മാണി ബജറ്റ് വില്‍പ്പനക്ക് വെച്ചത് ഇതാദ്യമല്ല. ഇതിന് മുമ്പും ബജറ്റ് ഉപയോഗിച്ച് മാണി പണം ഉണ്ടാക്കിയിട്ടുള്ളതാണെന്ന അറിവ് എനിക്കുണ്ട്. ഇത്തവണ വാങ്ങിച്ചെടുത്തതത്രെയും പരസ്യമായതും വിവാദമായതും മകന്റെ ആക്രാന്തവും അതിമോഹവും കൊണ്ട് മാത്രമാണ്. കൈക്കൂലിപ്പണം തിട്ടപ്പെടുത്താന്‍ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം സൂക്ഷിക്കുന്ന മന്ത്രിയെന്ന വിളിപ്പേര് മാണിക്ക് സമൂഹം ചാര്‍ത്തിക്കൊടുത്തതും ഇക്കാര്യം കൊണ്ടാണ്.
കേരളത്തിലെ കര്‍ഷക വര്‍ഗത്തിന്റെ താത്പര്യ സംരക്ഷണത്തില്‍ നിന്നാണ് കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയ അടിത്തറ പടുത്തുയര്‍ത്തിയത്. വിലയിടിവ് മൂലം റബ്ബര്‍ കര്‍ഷകര്‍ക്ക് ജീവിതം തന്നെ മുന്നോട്ട് കൊണ്ടുപാകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി. വിലയിടിവിനെതിരെ കേരള കോണ്‍ഗ്രസ് സമരം സംഘടിപ്പിക്കാതിരിക്കാന്‍ ടയര്‍ കമ്പനി ഉടമകളുടെ പ്രതിനിധി ജോസ് കെ മാണിക്ക് 10 കോടി രൂപ കൈമാറിയ വിവരം പിറ്റേന്ന് തന്നെ ഞാന്‍ മാണിയെ അറിയിച്ചതാണ്. റബ്ബര്‍ വിലയിടിവിനെതിരെ പാര്‍ട്ടി നിര്‍ദേശിച്ച ധര്‍ണ നടക്കാതെ വന്നപ്പോള്‍ ഈ പണം തിരികെ കൊടുത്തില്ലെന്ന് മനസ്സിലാക്കി ഞാന്‍ മാണിയോട് കയര്‍ത്ത് സംസാരിച്ചു. അപ്പോള്‍ ‘അവന്റെ പോക്ക് ശരിയല്ല ജോര്‍ജേ’ എന്ന് പറഞ്ഞ് നിശ്ശബ്ദനായി മുഖം കുനിച്ചിരുന്ന മാണിയോട് അന്ന് സഹതാപമാണ് തോന്നിയത്. ഇക്കാര്യം അങ്ങയോട് ക്ലിഫ് ഹൗസിലെത്തി ഞാന്‍ പറഞ്ഞപ്പോള്‍ എന്തു ചെയ്യാന്‍ കഴിയും എന്ന മറുചോദ്യമാണ് അങ്ങ് ചോദിച്ചത്.
പന്ത്രണ്ടാം ബജറ്റിനോടനുബന്ധിച്ച് അഞ്ച് കോടി രൂപ മാണിക്ക് കൊടുത്തവര്‍ ആ സംഭവം എന്നോട് വിവരിച്ചത് അങ്ങയോട് ഞാന്‍ പറഞ്ഞ കാര്യം അങ്ങ് ഓര്‍മിക്കുമല്ലോ. സരിത ജയിലില്‍ വെച്ച് എഴുതിയ കത്ത് പൂര്‍ണമായും ഞാന്‍ വായിക്കുകയുണ്ടായി. ആ കത്തില്‍ ജോസ് കെ മാണിയുടെ പേരുണ്ട്. ഇക്കാര്യം മാണിയെ ഞാന്‍ നേരിട്ട് ബോധ്യപ്പെടുത്തി. മകന്റെ പോക്ക് അപകടത്തിലേക്കാണെന്നും നിയന്ത്രിച്ചില്ലെങ്കില്‍ എല്ലാം കൈവിട്ടുപോകുമെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ മകനെ നിയന്ത്രിക്കുന്നതിന് പകരം മാവേലിക്കരയിലെ ഒരു വീട്ടില്‍ വെച്ച് സരിതയുടെ കാല് പിടിക്കാനാണ് മാണി പോയത്. ഈ വിവരവും അങ്ങയെ ഞാന്‍ ധരിപ്പിച്ചിരുന്നു. അപ്പോഴും പ്രവര്‍ത്തിക്കാനോ പ്രതികരിക്കാനോ കഴിയാത്ത അങ്ങയുടെ നിസ്സഹായത വേദനയോടുകൂടിയാണ് ഞാന്‍ മനസ്സിലാക്കിയത്.
ചൊവ്വാഴ്ച വൈകുന്നേരം അങ്ങും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടി സാഹിബും രണ്ടര മണിക്കൂര്‍ മാറിമാറി വിളിച്ചിട്ടും ഫോണില്‍ വരാനോ മുഖ്യമന്ത്രിയോട് പോലും സംസാരിക്കാനോ തയ്യാറാകാത്ത മാണിയുടെ മുമ്പില്‍ അങ്ങ് മുട്ട് മടക്കുന്നത് എന്റെ പൊതുജീവിതത്തില്‍ പരമദയനീയമായ കാഴ്ചയായിരുന്നു. ഇങ്ങനെ കീഴടങ്ങിയും എല്ലാം സഹിച്ചും ഒന്നും കണ്ടില്ലെന്ന് നടിച്ചും ബജറ്റ് പോലും വില്‍പ്പനക്ക് വെക്കുന്ന ഒരു മന്ത്രിയെ ചുമന്നും അങ്ങ് കൈവശം വെച്ചിരിക്കുന്ന മുഖ്യമന്ത്രിപദം, വര്‍ഷങ്ങള്‍കൊണ്ട് അങ്ങ് പടുത്തുയര്‍ത്തിയ അങ്ങയുടെ പൊതുജീവിതത്തിന് അപമാനകരവും അങ്ങയുടെ വ്യക്തിത്വത്തിന് അപഹാസ്യവുമാണെന്നത് വേദനയോടെ പറയേണ്ടിവന്നതില്‍ എനിക്ക് ഖേദമുണ്ട്. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ എന്ന സ്ഥാനം ഉപയോഗിച്ച് അഴിമതിക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടര്‍ന്നുകൊണ്ടു അങ്ങേക്കും യു ഡി എഫിനും പിന്നില്‍ അടിയുറച്ച നിലപാടുമായി മുന്നോട്ട് പോകണമെന്നാണ് എന്റെ ആഗ്രഹം. അതിനുള്ള സാഹചര്യം അങ്ങ് സൃഷ്ടിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ചിലര്‍ നടത്തിയ അഴിമതിയുടെയും സാമ്പത്തിക സമാഹരണത്തിന്റെയും വിശദാംശങ്ങളും തെളിവുകളും ഉടന്‍ തന്നെ അങ്ങയുടെയും പൊതുസമൂഹത്തിന്റെയും മുമ്പില്‍ ഞാന്‍ സമര്‍പ്പിക്കുന്നതാണെന്ന് അറിയിച്ചുകൊണ്ട്.
വിശ്വസ്തതയോടെ