Connect with us

Gulf

അറബ് ലോകത്തെ അതി സമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ചു; യു എ ഇ നാലാം സ്ഥാനത്ത്

Published

|

Last Updated

ദുബൈ: അറബ് ലോകത്തെ അതിസമ്പന്നരായ 100 പേരുടെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടു. 12 രാജ്യങ്ങളില്‍ നിന്നുള്ള ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ യു എ ഇ നാലാം സ്ഥാനത്തുണ്ട്. ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് മാസികയുടെ ഏപ്രില്‍ ലക്കത്തിലാണ് 2015ലെ അറബ് ലോകത്തെ അതിസമ്പന്നരായ 100 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും സഊദിയിലെ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 2,260 കോടി അമേരിക്കന്‍ ഡോളറാണ് വലീദ് രാജകുമാരന്റെ ആസ്തിയെന്ന് മാഗസിന്‍ പറയുന്നു.
വലീദ് രാജകുമാരനെ കൂടാതെ 40 പേരുമായി സഊദി അറേബ്യയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. യു എ ഇയില്‍ 11 ശതകോടീശ്വരന്‍മാരാണുള്ളതെന്ന് മാഗസിന്‍ പറയുന്നു. യു എ ഇയിലെ സമ്പന്നരുടെ പട്ടികയില്‍ ദുബൈ ആസ്ഥാനമായുള്ള അബ്ദുല്ല അല്‍ ഗുറൈറും കുടുംബവുമാണ് മുന്നില്‍. 640 കോടി ഡോളറാണ് ആസ്ഥി. തൊട്ടുപിന്നില്‍ 620 കോടിയുടെ ആസ്ഥിയുമായി ദുബൈയിലെ തന്നെ മാജിദ് അല്‍ ഫുതൈം സ്ഥാനം പിടിച്ചു.
അതിസമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ലെബനോന്‍ സ്വദേശിയായ ജോസഫ് സബ്‌റയാണ്. 1,730 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. സഊദിയിലെ മുഹമ്മദ് അല്‍ അമൂദിയാണ് പട്ടികയില്‍ മൂന്നാമനായി ഇടം പിടിച്ചത്. ആസ്തി 1,008 കോടി ഡോളര്‍. സഊദിയില്‍ നിന്ന് മുന്‍വര്‍ഷങ്ങളില്‍ ഇടം നേടിയിട്ടില്ലാത്ത ചില പുതുമുഖങ്ങളും ഈ വര്‍ഷത്തെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
സഊദിക്കു ശേഷം രണ്ടാം സ്ഥാനം ലെബനോനാണ്. ഇവിടെയും നേരത്തെ പട്ടികയിലുള്‍പെടാത്ത പുതുമുഖങ്ങള്‍ സമ്പന്നരുടെ കൂട്ടത്തില്‍ പെട്ടിട്ടുണ്ട്. യു എ ഇക്കു തൊട്ടുമുമ്പിലെത്തി ഈജിപ്ത് പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. അറബ് സമ്പന്നരുടെ വരുമാന സ്രോതസ്സില്‍ എണ്ണയും അനുബന്ധ ഉല്‍പന്നങ്ങളും ഉള്‍പെടുമെങ്കിലും എണ്ണവിലയിടിവ് ഇവരുടെ ആസ്തിയില്‍ കുറവ് വരുത്തിയിട്ടില്ല. മാത്രമല്ല, പലരുടെയും ആസ്ഥിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ഫോര്‍ബ്‌സ് മാഗസിന്‍ എടുത്തുപറയുന്നു.
സമ്പന്നരില്‍ ഇടം നേടിയവരില്‍ 18 പേരുടെയും പ്രധാന സ്രോതസ് ചില്ലറ വില്‍പനാ വ്യവസായമാണ്. 16 പേര്‍ ബേങ്കിംഗ്, മറ്റു സാമ്പത്തിക ഇടപാട് വഴിയും ആസ്ഥിയുണ്ടാക്കിയവരാണ്. 14 പേര്‍ വിവിധ നിക്ഷേപത്തിലൂടെയും എട്ട് പേര്‍ റിയല്‍ എസ്റ്റേറ്റ് വഴിയും ഏഴ് പേര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടാന്‍മാത്രമുള്ള ആസ്തി ഉണ്ടാക്കിയത്.