Connect with us

Kozhikode

ഹജ്ജ് യാത്രക്കാര്‍ക്കുള്ള സാങ്കേതിക പരിശീലനം ആരംഭിച്ചു

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവര്‍ക്കുള്ള സാങ്കേതിക പരിശീലനം ആരംഭിച്ചു. ഒന്നാംഘട്ട പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടാഗോര്‍ ഹാളില്‍ മന്ത്രി എം കെ മുനീര്‍ നിര്‍വഹിച്ചു. പരിശുദ്ധ ഹജ്ജ് കര്‍മത്തിന് ഭാഗ്യം ലഭിച്ചവര്‍ ക്ഷമയോടെ കര്‍മം പൂര്‍ത്തിയാക്കണമെന്നും ലോക നന്മക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും മുനീര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഹജ്ജ് വേളയില്‍ ശ്രദ്ധിക്കേണ്ട സാങ്കേതിക വശങ്ങളെക്കുറിച്ച് എല്‍ സി ഡി സഹിതം ട്രെയിനര്‍മാര്‍ ക്ലാസെടുത്തു. മൂന്ന് ഘട്ടങ്ങളിലായാണ് സാങ്കേതിക പരിശീലനം. രണ്ടാം ഘട്ടം മെയ്, ജൂണ്‍ മാസത്തിലും മൂന്നാം ഘട്ടം ഹജ്ജിനോടനുബന്ധിച്ചും നടക്കും.
ജില്ലയില്‍ ബേപ്പൂര്‍, കോഴിക്കോട് സൗത്ത്, നോര്‍ത്ത്, എലത്തൂര്‍, കുന്ദമംഗലം, ബാലുശ്ശേരി മണ്ഡലങ്ങളില്‍ നിന്നുള്ള 800 ഓളം ഹാജിമാരാണ് ഒന്നാം ഘട്ട പരിശീലനത്തില്‍ പങ്കെടുത്തത്. സംസ്ഥാനത്ത് മുഴുവന്‍ ജില്ലാ തലങ്ങളിലും ഹജ്ജ് കമ്മിറ്റി ഇത്തരത്തിലുള്ള പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഹാജിമാരെ സഹായിക്കാനായി ട്രെയിനര്‍മാരുണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ അധ്യക്ഷത വഹച്ചു. പുരുഷന്‍ കടലുണ്ടി എം എല്‍ എ, ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ്‌സെക്രട്ടറി ഇ സി മുഹമ്മദ്, മാസ്റ്റര്‍ ട്രെയിനര്‍ ഷാജഹാന്‍, കോ- ഓര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍, കണ്ണിയന്‍ മുഹമ്മദലി പങ്കെടുത്തു. യു മുഹമ്മദ് റഊഫ് സ്വാഗതവും ഷാജഹാന്‍ കുറുമ്പൊയില്‍ നന്ദിയും പറഞ്ഞു.
ജില്ലയിലെ നാദാപുരം, വടകര, കുറ്റിയാടി, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലെ ഒന്നാം ഘട്ട സാങ്കേകിക പരിശീലനം 14ന് രാവിലെ വടകര ടൗണ്‍ഹാളിലും കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലെ പരിശീലനം ഉച്ചക്ക് രണ്ടിന് താമരശ്ശേരി വട്ടക്കുണ്ട് മസ്ജിദ് പരിസരത്തും നടക്കും.