Connect with us

Kozhikode

പ്രതിപക്ഷ ബഹളത്തിനിടെ കരട് പദ്ധതിരേഖക്ക് കൗണ്‍സിലിന്റെ അംഗീകാരം

Published

|

Last Updated

കോഴിക്കോട്: പ്രതിപക്ഷ ബഹളത്തിനിടെ കോര്‍പറേഷന്റെ 2015- 16 ലെ കരട് പദ്ധതിരേഖക്ക് കൗണ്‍സിലിന്റെ അംഗീകാരം. കരട് പദ്ധതികളെ 15 വിഭാഗങ്ങളിലാക്കി ചര്‍ച്ച ചെയ്താണ് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്. ആദ്യം ഏഴ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ തങ്ങളുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് ലഘുവിവരണം നത്തി. തുടര്‍ന്നാണ് ചര്‍ച്ച നടന്നത്.
ആരോഗ്യ സ്ഥിരം സമിതി യോഗം വിളിച്ച് പദ്ധതി ചര്‍ച്ച ചെയ്യാതെയാണ് അംഗീകാരത്തിനായി കൗണ്‍സിലിന്റെ പരിഗണനക്ക് വന്നതെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹളം വെച്ചത്. ആരോഗ്യ സ്ഥിരം സമിതി യോഗം ചേരാതെ മിനുട്ട്‌സ് എഴുതി ഉണ്ടാക്കുകയായിരുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് കെ മുഹമ്മദലി പറഞ്ഞു. അതിനാല്‍ പദ്ധതി അംഗീകരിക്കാതെ സമിതിയിലേക്ക് തിരിച്ചയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ഭരണപക്ഷം നിഷേധിച്ചു. ആരോഗ്യ സ്ഥിരം സമിതിക്കെതിരെ ഉയര്‍ന്ന ആരോപണം തെളിയിച്ചാല്‍ ആ സമയം പാര്‍ട്ടിയുടെ തീരുമാനം പോലും കാത്തിരിക്കാതെ രാജിവെക്കുമെന്ന് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജാനമ്മ കുഞ്ഞുണ്ണി പറഞ്ഞു. ആരോഗ്യസ്ഥിരം സമിതി യോഗത്തില്‍ പദ്ധതി ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ കമ്മറ്റിയില്‍ വരാതെ പ്രതിപക്ഷ അംഗങ്ങള്‍ വിടുവായിത്തം പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് ആരോഗ്യ സ്ഥിരം സമിതി അംഗം വി സുധീര്‍ പറഞ്ഞു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തില്ലെങ്കിലും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്താല്‍ കരട് പദ്ധതി രേഖക്ക് അംഗീകാരം നല്‍കാമെന്ന് നിയമം അനുശാസിക്കുന്നുണ്ടെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണം പരിശോധിക്കുമെന്ന് മേയര്‍ പ്രൊഫ. എ കെ പ്രേമജം മറുപടി നല്‍കിയതോടെയാണ് ബഹളം അവസാനിച്ചത്.
ആരോഗ്യ ശുചിത്വമേഖലയില്‍ നിരവധി പുതിയ പദ്ധതികള്‍ നടപ്പാക്കാനുള്ള ആസൂത്രണം കരട് പദ്ധതിരേഖയിലുണ്ട്്്്. അനധികൃത മാലിന്യ നിക്ഷേപ നിരീക്ഷണങ്ങള്‍ക്കായി ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസുകളിലേക്ക് മോട്ടൊര്‍ ബൈക്കുകള്‍ വാങ്ങാന്‍ പത്ത് ലക്ഷം രൂപയുടെ പദ്ധതിയും അന്യസംസ്ഥാനതൊഴിലാളികളുടെ സ്‌ക്രീനിംഗും ഹെല്‍ത്ത് കാര്‍ഡ് വിതരണത്തിനുമായി അഞ്ച് ലക്ഷം രൂപയും മാറ്റി വെച്ചിട്ടുണ്ട്.
2015-16 വര്‍ഷത്തില്‍ വിവിധ മേഖലകള്‍ക്കായി 51,69,39,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വികസന ഫണ്ടില്‍ നിന്ന് 36,31,86,000 രൂപയും 13 ാം ധനകാര്യകമ്മീഷനില്‍ നിന്ന് 15,37,53,000 രൂപയും കണ്ടെത്തിയാണ് വികസനം നടപ്പാക്കുക. ഇതിന് പുറമെ പ്രത്യേക ഘടക പദ്ധതിക്കും റോഡ് അറ്റക്കുറ്റപണിക്കുമായി 29,42,38,000 രൂപയും വകയിരുത്തിയിട്ടുണ്ട്.

Latest