ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗ് വെള്ളിയാഴ്ച മുതല്‍

Posted on: April 8, 2015 5:35 am | Last updated: April 9, 2015 at 12:10 am

തിരുവനന്തപുരം: ഐ പി എല്‍ ലഹരിക്കൊപ്പം ജെ പി എല്‍ ആവേശവുമായി കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരും ഗ്രൗണ്ടിലേക്ക്. ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗിന്റെ രണ്ടാം എഡിഷന്‍ ഈ മാസം 10 മുതല്‍ 13വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. പത്തിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ സിനിമാതാരങ്ങളും യുവ സാമാജികരും, ഐ എ എസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സെലിബ്രിറ്റി ടീം തിരുവനന്തപുരം പ്രസ്‌ക്ലബ്ബുമായി ഏറ്റുമുട്ടുമെന്ന് തിരുവനന്തപും പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് പി പി ജയിംസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ ക്രിക്കറ്റ് താരങ്ങളും കായിക ഭരണ രംഗങ്ങളിലെ പ്രമുഖരും ഉദ്ഘാടനം സമ്മേളനത്തില്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ തിരുവനന്തപുരം കേസരി ടീമും വയനാടും ഏറ്റുമുട്ടും. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. നാല് ഗ്രൂപ്പുകളിലായി 16 ടീമുകള്‍ ഇത്തവണ എസ് ബി ടി- ജെ പി എല്ലില്‍ അണി നിരക്കും. ആതിഥേയരായ പ്രസ്‌ക്ലബ്ബിനും തിരുവനന്തപുരം കേസരിക്കും പുറമെ തലസ്ഥാനത്തെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന പ്രസ് ക്ലബ്ബ് ഹീറോസും തിരുവനന്തപുരം ജില്ലയില്‍ നിന്ന് പങ്കെടുക്കും.
13ന് വൈകിട്ടാണ് ഫൈനല്‍. സംസ്ഥാനത്തെ മറ്റ് ജില്ലകളിലേയും പ്രസ് ക്ലബ്ബ് ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഒരു ലക്ഷം രൂപയും ട്രോഫിയുമാണ് വിജയികള്‍ക്ക് ലഭിക്കുക. റണ്ണര്‍ അപ്പുകള്‍ 50,000 രൂപയും ട്രോഫിയുമാണ് ലഭിക്കുക. ഇതിനു പുറമെ ടൂര്‍ണമെന്റിന്റെ താരത്തിനും മികച്ച ബാറ്റ്‌സ്മാനും ബൗളര്‍ക്കും എല്ലാ മത്സരങ്ങളിലേയും മാന്‍ ഓഫ് ദ മാച്ച് പട്ടം നേടുന്നവര്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.
എസ് ബി ടി യാണ് ഈ വര്‍ഷവും ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍. വാര്‍ത്താ സമ്മേളനത്തില്‍ പ്രസ് ക്ലബ് സെക്രട്ടറി ജയന്‍ മേനോന്‍, എസ് ബി ടി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുരേഷ് സവാര്‍ക്കര്‍, ഹോസ്പിറ്റാലിറ്റി കമ്മിറ്റി ചെയര്‍മാന്‍ ചാക്കോ പോള്‍, കേരള ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പങ്കെടുത്തു.