Connect with us

Gulf

വിമാന ടിക്കറ്റ് നിരക്കുവര്‍ധന: രാജ്യസഭയില്‍ ഉന്നയിക്കും; ടി എന്‍ സീമ എം പി

Published

|

Last Updated

ഷാര്‍ജ: എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ കേരളമുള്‍പെടെ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കു അടിയന്തിരമായി കുറക്കണമെന്ന് ഡോ. ടി എന്‍ സീമ എം പി ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളിലെ വേനലവധിക്കാലം മുതലെടുത്ത് യാത്രാ നിരക്കു കുത്തനെ കൂട്ടുകയാണെന്നും ഇതു അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഷാര്‍ജയിലെത്തിയ ടി എന്‍ സീമ സിറാജുമായി സംസാരിക്കുകയായിരുന്നു.
എയര്‍ ഇന്ത്യ പ്രവാസികളെ കൊള്ളയടിക്കുകയാണ്. യാതൊരു കാരണവുമില്ലാതെയാണ് ടിക്കറ്റ് നിരക്ക് അടിക്കടി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതു നീതീകരിക്കാനാവില്ല. ഇന്ധന വില വര്‍ധനവിന്റെ പേരിലാണ് കൂട്ടിയത്. എന്നാല്‍ വില കുറഞ്ഞപ്പോള്‍ ടിക്കറ്റ് നിരക്കില്‍ കുറവുണ്ടായില്ല. മാത്രമല്ല, കുത്തനെ കൂട്ടിക്കൊണ്ടിരിക്കുകയുമാണ്. പ്രവാസി ഇന്ത്യക്കാരുടെ യാത്രാ പ്രശ്‌നം ഗൗനിക്കാതെയാണ് ഔദ്യോഗിക വിമാനക്കമ്പനി നിരക്കുകൂട്ടുന്നതെന്നും, ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മൗനം പാലിക്കുകയാണെന്നും ടി എന്‍ സീമ കുറ്റപ്പെടുത്തി. എയര്‍ ഇന്ത്യയുടെ സമീപനം ഇതര വിമാന കമ്പനികള്‍ക്കു സഹായകമാവുകയാണെന്നും എം പി അഭിപ്രായപ്പെട്ടു.
ഭീമമായ നിരക്കുവര്‍ധനവ് സാധാരണക്കാരായ പ്രവാസികള്‍ക്കു താങ്ങാനാവാത്തതാണ്. കാലങ്ങളായി കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന് പ്രവാസികള്‍ ആവശ്യപ്പെടുകയാണ്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ഒരക്ഷരം പോലും മിണ്ടുന്നില്ല. ഇക്കാര്യം താനും എം അച്യുതന്‍ എം പിയും രാജ്യസഭയില്‍ പല തവണ ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയിലും കൊണ്ടുവന്നു. ഒരു ഫലവുമുണ്ടായില്ല. എന്നാല്‍ ഇക്കാര്യം വീണ്ടും രാജ്യസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും, പ്രശ്‌നം സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിയെ കാണുമെന്നും ടി എന്‍ സീമ വ്യക്തമാക്കി.
വേനലവധിയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്കു കണക്കിലെടുത്ത് കേരളത്തിലേക്കു കൂടുതല്‍ എയര്‍ ഇന്ത്യ വിമാനസര്‍വീസുകള്‍ ഏര്‍പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പെടുത്തുമ്പോള്‍ ടിക്കറ്റ് നിരക്കു കുറക്കാനാകും.
സഊദി അറേബ്യയിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം. രേഖകളെല്ലാം ശരിയായിട്ടും നിരവധിപേര്‍ ഇപ്പോഴും തടവറകളില്‍ കഴിയുകയാണ്. അതേസമയം, ശിക്ഷാകാലാവധി അവസാനിച്ചിട്ടും നിരവധിപേര്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇവരെ നാട്ടിലെത്തിക്കാനും അടിയന്തിര നടപടി കൈക്കൊള്ളണം.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കെത്തുന്ന ഇന്ത്യക്കാരായ സ്ത്രീകളില്‍ പലരും കബളിപ്പിക്കപ്പെടുകയാണെന്ന് ടി എന്‍ സീമ പറഞ്ഞു. പലരും ലൈംഗിക ചൂഷണത്തിനും മറ്റും വിധേയരാകുന്നു. ഇത് അവസാനിപ്പിക്കാന്‍ ജോലിക്കു കൊണ്ടുവരുന്ന മുഴുവന്‍ സ്ത്രീകളുടെയും പൂര്‍ണ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടപടി കൈക്കൊള്ളണം. അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കു മാത്രമെ സ്ത്രീകളെ റിക്രൂട്ട് ചെയ്യാന്‍ അനുവാദം നല്‍കാവൂ.
ഗള്‍ഫിലെ പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം ശ്ലാഘനീയവും മാതൃകാപരവുമാണെന്നും ടി എന്‍ സീമ പറഞ്ഞു. മഹത്തായ പ്രവര്‍ത്തനമാണ് സംഘടനകള്‍ നടത്തുന്നത്. അവര്‍ പറഞ്ഞു.

Latest