Connect with us

Kerala

ബാര്‍ കോഴ: മാണിയെ ചൊല്ലി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെ എം മാണിയെ ചൊല്ലി കോണ്‍ഗ്രസില്‍ രൂക്ഷമായ തര്‍ക്കം. കെ പി സി സി ഭാരവാഹി യോഗത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് രണ്ട് വൈസ് പ്രസിഡന്റുമാര്‍ ഏറ്റുമുട്ടി. മാണിക്കെതിരെ വി ഡി സതീശന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് ശക്തമായി രംഗത്തുവന്നപ്പോള്‍ എം എം ഹസനെ മുന്നില്‍ നിര്‍ത്തി എ ഗ്രൂപ്പ് തിരിച്ചടിച്ചു.

ഘടകകക്ഷികളുടെ അഴിമതിയുടെ പിതൃത്വം എന്തിന് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നായിരുന്നു സതീശന്റെ ചോദ്യം. ആരോപണവിധേയനായ മാണിയെ സംരക്ഷിക്കുന്ന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു. മുന്നണി സംവിധാനത്തില്‍ ഘടകകക്ഷി മന്ത്രിമാരെ സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ടെന്നായിരുന്നു എം എം ഹസന്റെ മറുപടി. സര്‍ക്കാറില്‍ ആരോപണവിധേയരായ മറ്റുപലരുമുണ്ട്. അവര്‍ക്കെതിരെ ഘടകകക്ഷികള്‍ നിലപാട് സ്വീകരിച്ചാല്‍ എന്താകും സ്ഥിതിയെന്ന് അദ്ദേഹം തിരിച്ച് ചോദിച്ചു.
ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ മാണിയുടെ രാജി മുഖ്യമന്ത്രി വാങ്ങണമായിരുന്നുവെന്ന് സതീശന്‍ യോഗത്തില്‍ കുറ്റപ്പെടുത്തി. നമ്മുടെ ആരോഗ്യം നശിപ്പിച്ചുകൊണ്ടാകരുത് ഘടകകക്ഷികളെ സംരക്ഷിക്കേണ്ടത്. മാണിയെയും ജോര്‍ജിനെയും മുന്നണിയെയും സംരക്ഷിക്കാനായി മുഖ്യമന്ത്രി ഓടിനടക്കുകയാണ്. എല്ലാവരും ഇതിനായി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിനെ ആര് രക്ഷിക്കുമെന്ന ചോദ്യമാണുയരുന്നത്.
ഘടകകക്ഷികളെ അമിതമായി സംരക്ഷിക്കാന്‍ പോകുമ്പോള്‍ തകരുന്നത് കോണ്‍ഗ്രസാണെന്ന് ഓര്‍മിക്കണം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ അനുഭവം വലിയ പാഠമാകേണ്ടതുണ്ട്. നൂറ് സീറ്റ് പ്രതീക്ഷിച്ചാണ് 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. വന്‍ തിരിച്ചടിയായിരുന്നു ഫലം. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉയര്‍ന്നതായിരുന്നു പരാജയത്തിന്റെ കാരണം. കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കാനും അദ്ദേഹത്തെ സംരക്ഷിക്കാനും കോണ്‍ഗ്രസ് ശക്തമായി രംഗത്തുവന്നതിന്റെ ഫലമായിരുന്നു തിരിച്ചടി. ഈ യാഥാര്‍ഥ്യം മറക്കരുത്. ഇപ്പോള്‍ മാണിയെ പിന്തുണക്കുന്നു. അത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരിക്കും തിരിച്ചടിയുണ്ടാക്കുക. മാണിയുടെ കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തുന്നത് ശരിയല്ല. ഘടകകക്ഷികള്‍ ചെയ്യുന്ന തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആര്‍ജവം പാര്‍ട്ടിക്കുണ്ടാകണമെന്നും സതീശന്‍ കുറ്റപ്പെടുത്തി. രണ്ടാം യു പി എ സര്‍ക്കാറിന്റെ ഗതി ഓര്‍മയിലുണ്ടാകണം. അഴിമതി ആരോപണമാണ് ആ സര്‍ക്കാറിന്റെ ഗതി മോശമാക്കിയത്. അഴിമതിക്കെതിരെയുയരുന്ന പൊതുവികാരം മുതലാക്കിയാണ് പ്രതിപക്ഷം ആക്രമണം നടത്തുന്നതെന്നും സതീശന്‍ പറഞ്ഞു.
ഇതൊരു കൂട്ടുകക്ഷി സര്‍ക്കാറാണെന്ന ഓര്‍മ എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് പറഞ്ഞായിരുന്നു എം എം ഹസന്റെ മറുപടി. മുന്നണി സംവിധാനത്തില്‍ ഒരാളെ മാറ്റി മറ്റൊരാളെ കൊണ്ടുവരിക എളുപ്പമല്ല. അതിന് പരിമിതികളുണ്ട്. മാണിയേക്കാള്‍ അഴിമതി ആരോപണവിധേയരായവര്‍ ഈ മന്ത്രിസഭയില്‍ വേറെയുണ്ട്. അവര്‍ നമുക്കെതിരെ രംഗത്തുവന്നാല്‍ എന്ത് ചെയ്യുമെന്നായിരുന്നു ഹസന്റെ ചോദ്യം. സോളാര്‍ കേസില്‍ ഘടകക്ഷികള്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം നിന്നത് മറക്കരുത്. മുന്നണിയാകുമ്പോള്‍ അതിനെ നയിക്കുന്ന കക്ഷിയെന്ന നിലയില്‍ ചിലതൊക്കെ സംരക്ഷിക്കേണ്ടി വരുമെന്നും ഹസന്‍ പറഞ്ഞു.
ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് ആര്‍ക്കും ഗുണമുണ്ടാകില്ലെന്ന് വിഷയത്തില്‍ ഇടപെട്ട പി സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. രണ്ട് കൂട്ടരും പറഞ്ഞത് ശരിയല്ല. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്കായിട്ടാണെങ്കില്‍ ഈ യോഗം കുടേണ്ടതില്ല. ഈ ഏറ്റുമുട്ടല്‍ നടന്നപ്പോഴും സുധീരന്‍ വിഷയത്തില്‍ ഇടപെട്ടില്ല. ബാര്‍ കോഴ അന്വേഷണത്തില്‍ രാഷ്ട്രീയമായി ഇടപെടില്ലെന്നും മന്ത്രിമാര്‍ രാജിവെക്കേണ്ടതില്ലെന്നും സുധീരന്‍ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സര്‍ക്കാറിന്റെ മദ്യനയം കൊണ്ട് നഷ്ടം വന്ന ഒരാളുടെ ആരോപണത്തിന്റെ പേരില്‍ മന്ത്രിമാര്‍ രാജിവെക്കേണ്ടതില്ല. അന്വേഷണം സുതാര്യമായാണ് നടക്കുന്നത്. അന്വേഷണം പൂര്‍ത്തിയായി മാണിക്കെതിരെ തെളിവുണ്ടെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിക്കാമെന്നും സുധീരന്‍ വ്യക്തമാക്കി.

---- facebook comment plugin here -----

Latest