അപകട പരമ്പര തീര്‍ത്ത് അവധി ആഘോഷം

Posted on: April 6, 2015 10:46 am | Last updated: April 6, 2015 at 10:47 am

താമരശ്ശേരി: അവധി ആഘോഷത്തിനിടെ ദേശീയപാതയില്‍ അപകട പരമ്പര. താമരശ്ശേരി ചുങ്കത്തും പെരുമ്പള്ളിയിലും ചുരത്തിലുമായി മണിക്കൂറുകള്‍ക്കിടെ അഞ്ച് അപകടങ്ങളാണ് ഇന്നലെ നടന്നത്.
ഉച്ചക്ക് ഒരു മണിയോടെ ചുരം ആറാം വളവില്‍ മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് രണ്ട് കാറുകളിലിടിച്ചതായിരുന്നു ആദ്യ അപകടം. കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉച്ചക്ക് രണ്ട് മണിയോടെ ചുരം ഇറങ്ങുകയായിരുന്ന കാറ് അഞ്ചാം വളവില്‍ നിയന്ത്രണംവിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വന്‍ ദുരന്തം വഴിമാറി. സംരക്ഷണ ഭിത്തി തകര്‍ന്നെങ്കിലും കാര്‍ കൊക്കയില്‍ പതിക്കാതെ രക്ഷപ്പെടുകയായിരുന്നു. നിസ്സാര പരുക്കേറ്റ യാത്രക്കാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഉച്ചക്ക് 2.45ന് താമരശ്ശേരി ചുങ്കത്ത് കെ എസ് ആര്‍ ടി സി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈകിട്ടോടെ വയനാട് ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ പാനീയ വില്‍പ്പന ശാലയിലേക്കു പാഞ്ഞുകയറി. കാറോടിച്ചിരുന്ന യുവതി ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സംശയം. കടക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
വൈകിട്ട് ആറ് മണിയോടെ ചുരം എട്ടാം വളവിന് താഴെ തകരപ്പാടിയില്‍ ജീപ്പ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ ഓടിച്ച യുവതിക്ക് പരുക്കേറ്റു. പോര്‍ങ്ങോട്ടൂര്‍ പാലക്കുന്നുമ്മല്‍ സന്ധ്യക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്ടിലെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ച സകൂട്ടറിനു പിന്നില്‍ ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ജീപ്പ് ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ സന്ധ്യയെ യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്.
അപകടങ്ങളെ തുടര്‍ന്ന് ദേശീയപാതയിലുണ്ടായ ഗതാഗതക്കുരുക്ക് യാത്രക്കാരെയും പോലീസിനെയും വലച്ചു. സ്‌കൂള്‍ അവധിക്കാലവും ഈസ്റ്ററും ഞായറാഴ്ചയും ഒരുമിച്ചപ്പോള്‍ ഇന്നലെ റോഡില്‍ വാഹനങ്ങളുടെ ഒഴുക്കായിരുന്നു. ഇതിനിടെയാണ് അപകട പരമ്പരയും അരങ്ങേറിയത്.