ഒമാനിലെ നിയമവിരുദ്ധ തൊഴിലാളികള്‍ക്ക് പൊതുമാപ്പ്

Posted on: April 6, 2015 10:08 am | Last updated: April 6, 2015 at 10:08 am

മസ്‌കത്ത്: ആവശ്യമായ രേഖകളില്ലാതെ കഴിയുന്ന ഒമാനിലെ വിദേശികളെ നാട്ടിലെത്തിക്കാന്‍ സഹായകമാകുന്ന പൊതുമാപ്പ് പ്രഖ്യാപനം ഉടനുണ്ടായേക്കും. പാക്കിസ്ഥാന്‍, ഇന്തോനേഷ്യ എംബസി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസത്തോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ള പ്രഖ്യാപനമാണ് ഉണ്ടാകുക. മാനവവിഭവ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷമെ തീയതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളു.
പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള സഹാചര്യത്തില്‍ തങ്ങള്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചുവരികയാണെന്ന് പാക് എംബസി വക്താക്കളെ ഉദ്ധരിച്ചുള്ള റപ്പോര്‍ട്ടുണ്ട്. തൊഴില്‍ മേഖലയില്‍ വിദേശികളുടെ എണ്ണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക റിപ്പോര്‍ട്ടിന് സ്റ്റേറ്റ് കൗണ്‍സില്‍ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് ഒമാന്‍ പൊതുമാപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നത്. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഉപകാരപ്രദമാകുന്നതാണ് ഇത്തരം പ്രഖ്യാപനമെന്നും 2010ല്‍ പ്രഖ്യാപിച്ച ഒരുവര്‍ഷത്തോളം നീണ്ടുനിന്ന പൊതുമാപ്പില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ഉപകാരം ലഭിച്ചതെന്നും മസ്‌കത്തിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി പറഞ്ഞു.
വിസാ കാലാവധി കഴിഞ്ഞവര്‍ക്കും ലേബര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് നിയമക്കുരുക്കിലകപ്പെട്ടവര്‍ക്കുമാണ് പൊതുമാപ്പ് ഉപകാരപ്രദമാകുക. വ്യക്തമായ രേഖകളില്ലാത്തതിനെ തുടര്‍ന്ന് നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് നാട്ടിലെത്താനുള്ള സുവര്‍ണാവസരമാണ് പൊതുമാപ്പ്. ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യാത്ത വിദേശികള്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചാല്‍ നാട്ടിലെത്താന്‍ അവസരമുണ്ടാകും.
പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങളും സങ്കീര്‍ണാവസ്ഥക്കും പരിഹാരമുണ്ടാകും. സ്വകാര്യവത്കരണം ഏര്‍പ്പെടുത്താനും തൊഴിലില്ലായ്മയടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പൊതുമാപ്പിന് ശേഷമുള്ള സമയം അനിയോജ്യമായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ പ്രാവിശ്യത്തെ പൊതുമാപ്പില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 50,000 ഓളം പേരെ നാടുകടത്തിയിരുന്നു. നിയമവിരുദ്ധമായി രാജ്യത്തെത്തിയവരും അംഗീകൃത രേഖകളില്ലാത്തവരും വ്യാപകമായ തോതില്‍ ക്രിമിനല്‍ കേസുകളിളും മറ്റും ഉള്‍പ്പെടുന്നുണ്ടെന്ന് അടുത്തിടെ ആര്‍ ഒ പിയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
പാക്, ഇന്തോനേഷ്യന്‍ എംബസി വൃത്തങ്ങളില്‍ നിന്നാണ് പൊതുമാപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതെങ്കില്‍ 2009 അവസാനത്തില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തന ഫലമായിട്ടായിരുന്നു.
2009 ഡിസംബറില്‍ അന്നത്തെ ഇന്ത്യന്‍ അംബസാഡര്‍ അനില്‍വാധ്വയുടെ ശ്രമഫലമായിട്ടായിരുന്നു പ്രഖ്യാപനം ഉണ്ടായത്. മലയാളികളടക്കം പതിനായിരക്കണക്കിന് തൊഴിലാളികള്‍ ശിക്ഷയോ പിഴയോ ഒന്നും കൂടാതെ നാട്ടിലെത്തിയിരുന്നതായും പൊതുമാപ്പിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമായാല്‍ സജീവമായി രംഗത്തിറങ്ങുമെന്നും ഷാജി വ്യക്തമാക്കി. ഔദ്യോഗിക കണക്ക് പ്രകാരം 15,75,298 വിദേശികളാണ് ഒമാനില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ 59,952 പേര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും 12,73,327 പേര്‍ സ്വകാര്യ മേഖലയിലുമാണ് ജോലി ചെയ്യുന്നത്.