Connect with us

Thiruvananthapuram

യു ഡി എഫിനെ കോടീശ്വരന്‍മാര്‍ ഹൈജാക്ക് ചെയ്തു: വി എസ്

Published

|

Last Updated

തിരുവനന്തപുരം: അഴിമതിക്കാരും, കോടീശ്വരന്മാരും യു.ഡി.എഫ് രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. കെ പി എ മജീദിനെ ഒഴിവാക്കി അബ്ദുള്‍ വഹാബിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയ മുസ്ലീംലീഗിന്റെ നിലപാട് ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്.
താഴെത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ചുവന്ന ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ആളാണ് കെ പി എ മജീദ്. പതിനാല് ജില്ലാ കമ്മിറ്റികളില്‍ പന്ത്രണ്ട് ജില്ലാ കമ്മിറ്റികളും മജീദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് പാടെ പുച്ഛിച്ചുതള്ളി പണത്തിന്റെ പളപളപ്പില്‍ വിലസുന്ന അബ്ദുള്‍ വഹാബിനെ സ്ഥാനാര്‍ത്ഥിയാക്കുകയാണ് ചെയ്തത്. തങ്ങള്‍ കുടുംബത്തിലെ തന്നെ മുനവറലിയെപ്പോലുളള ലീഗിലെ പുതുതലമുറയുടെ അഭിപ്രായവും തൃണവല്‍ഗണിച്ചാണ് വഹാബിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. ലീഗ് രാഷ്ട്രീയത്തില്‍ തന്നെ വിമതശബ്ദം ഉയര്‍ന്നിട്ടും പണത്തിന്റെ സ്വാധീനത്തില്‍ വഴങ്ങി വഹാബിന്റെ മുന്നില്‍ ലീഗ് നേതാക്കള്‍ അടിയറവ് പറയുകയാണ് ചെയ്തത്. പണത്തിന്റെ മീതെ തങ്ങളും പറക്കുകയില്ല എന്നാണ് അബ്ദുള്‍ വഹാബിന്റെ സ്ഥാനാര്‍ത്ഥിത്വം തെളിയിക്കുന്നത്.
എല്ലാത്തരം അഴിമതികളും വിജയകരമായി പരീക്ഷിച്ചിട്ടുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കീഴില്‍ എല്ലാ മന്ത്രിമാരും, നേതാക്കളും അഴിമതികളില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം എത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അഴിമതി വീരനായ മാണിക്കെതിരെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തതിന്റെ പേരില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും പരിഹസിച്ച് പുറത്തുചാടിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഈ കുറുക്കന്‍ കൗശലം മനസ്സിലാക്കിയാണ് രമേശ് ചെന്നിത്തല മ്ര്രന്തിസ്ഥാനം ഒഴിയാന്‍ എ കെ ആന്റണിയോട് സന്നദ്ധത അറിയിച്ചിട്ടുള്ളത്.
അഴിമതി, പണക്കൊഴുപ്പ്, തട്ടിപ്പ്, വെട്ടിപ്പ് എന്നിവ നടത്തുന്നവര്‍ക്ക് മാത്രമേ യു ഡി എഫില്‍ സ്ഥാനമുള്ളു എന്നാണ് ഈ സംഭവങ്ങളൊക്കെ തെളിയിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ വൃത്തികെട്ട ഭരണത്തില്‍ നിന്നും പണത്തിലും, അഴിമതിയിലും മുങ്ങിക്കുളിക്കുന്ന രാഷ്ട്രീയത്തിന്റെ കള്ളക്കളികളില്‍ നിന്നും കേരള ജനതയെ രക്ഷിക്കാന്‍ വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരേണ്ടിയിരിക്കുന്നുവെന്നും വി എസ് പറഞ്ഞു.

Latest