വിവരാവകാശ പ്രവര്‍ത്തകയെ പൊതുശല്യമായി പ്രഖ്യാപിച്ച പഞ്ചായത്ത് പ്രമേയം മരവിപ്പിച്ചു

Posted on: April 6, 2015 10:00 am | Last updated: April 6, 2015 at 10:00 am

തിരുവനന്തപുരം: വിവരാവകാശ പ്രവര്‍ത്തക വിജിതയെ പൊതുശല്യമായി പ്രഖ്യാപിച്ച തിരുവനന്തപുരം പള്ളിച്ചല്‍ പഞ്ചായത്തിന്റെ നടപടി തദ്ദേശഭരണവകുപ്പ് മരവിപ്പിച്ചു. പ്രമേയം റദ്ദ് ചെയ്യാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് ഉത്തരവിട്ടു. പഞ്ചായത്തിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രേഖകള്‍ ഹാജരാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദേശിച്ചു. നടപടിക്രമങ്ങളുടെ രേഖകളുമായി പഞ്ചായത്ത് സെക്രട്ടറി ഒരാഴ്ചയ്ക്കുള്ളില്‍ നേരിട്ട് ഹാജരാകണം. രേഖകള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകും. വിജിതയുടെ പരാതി ഓംബുഡ്‌സ്മാന് കൈമാറാനും പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.
പഞ്ചായത്തിലെ പ്രതിപക്ഷനേതാവ് എസ് കെ പ്രമോദ് നല്‍കിയ പരാതി പരിഗണിച്ചാണു പഞ്ചായത്തിനെതിരെയുള്ള വകുപ്പിന്റെ നടപടി. നിരന്തരം വിവരാവകാശ അപേക്ഷകള്‍ നല്‍കിയതിന്റെ പേരില്‍ നരുവാമൂട് സ്വദേശിയായ വിജിതയെ പള്ളിച്ചല്‍ പഞ്ചായത്ത് പൊതുശല്യമായി പ്രഖ്യാപിക്കുകയായിരുന്നു. മുക്കുന്നിമലയിലെ നിയമവിരുദ്ധ പാറഖനനത്തിനെതിരെയാണ് വിജിത തുടര്‍ച്ചയായി വിവരാവകാശ അപേക്ഷകള്‍ നല്‍കിയിരുന്നത്. ഖനനാനുമതി അടക്കമുള്ള വിഷയങ്ങളില്‍ തുടര്‍ച്ചയായി വിവരാവകാശ അപേക്ഷകള്‍ നല്‍കിയതിന്റെ പേരില്‍ പഞ്ചായത്ത് വിജിതയെ പൊതുശല്യമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കുകയായിരുന്നു. ഇതിനെതിരെ ഇന്നലെ പള്ളിച്ചല്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം നടത്തിയിരുന്നു. യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിജിത കെ പി സി സി പ്രസിഡന്റിനും പരാതി നല്‍കി. പ്രശ്‌നം പരിശോധിക്കുന്ന കെ സി പി സി ജനറല്‍ സെക്രട്ടറി പി എം സുരേഷ് ബാബുവിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടിയെടുക്കുമെന്ന് കെ പി സി സി നേതൃത്വം അറിയിച്ചു.