ബാര്‍ കോഴ: വിജിലന്‍സിന് മേല്‍ സമ്മര്‍ദമേറുന്നു; നിയമോപദേശം തേടും

Posted on: April 6, 2015 6:55 am | Last updated: April 7, 2015 at 12:19 am

MANIതിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെ എം മാണിയെ രക്ഷിച്ചെടുക്കാന്‍ വിജിലന്‍സിന് മേല്‍ സമ്മര്‍ദമേറി. എത്രയും വേഗം ക്ലീന്‍ചിറ്റ് നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. ആഭ്യന്തര വകുപ്പിന്റെ നീക്കം കരുതലോടെയാണെങ്കിലും വിജിലന്‍സിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദം ശക്തമാണ്. മാണി കോഴ വാങ്ങിയതിന് നേരിട്ടുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിശദീകരിക്കുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കാന്‍തക്ക ശക്തമായ സാഹചര്യതെളിവുകളുണ്ടെന്ന നിലപാടില്‍ തന്നെയാണ് വിജിലന്‍സ്. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യക്തമായതോടെ ലഭ്യമായ മൊഴികളും സാഹചര്യതെളിവുകളും അടിസ്ഥാനമാക്കി നിയമോപദേശം തേടാനാണ് വിജിലന്‍സ് നീക്കം.

ക്വിക്ക് വെരിഫിക്കേഷനും വിശദമായ അന്വേഷണവും നടത്തിയ ശേഷം കുറ്റപത്രം നല്‍കാതെ കേസ് അവസാനിപ്പിക്കുന്നത് നിയമക്കുരുക്കിന് വഴിവെക്കുമെന്ന ആശങ്ക വിജിലന്‍സിനുണ്ട്. ഈ സാഹചര്യത്തില്‍ നിയമപരമായ നടപടിക്രമം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗം കൂടിയാണ് നിയമോപദേശം തേടുന്നത്. അതേസമയം, ബിജു രമേശ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിക്കാന്‍ വിജിലന്‍സ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. മന്ത്രി കെ ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിടുമെന്നാണ് വിവരം.
ബിജു രമേശ് കോടതിയില്‍ സമര്‍പ്പിച്ച ഹാര്‍ഡ് ഡിസ്‌ക്ക് തെളിവായി സ്വീകരക്കണമോയെന്ന കാര്യവും നിയമോപദേശത്തിന് വിടാനാണ് വിജിലന്‍സ് തീരുമാനം. സാഹചര്യതെളിവുകള്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ തക്ക ശക്തമാണെങ്കിലും സര്‍ക്കാര്‍ നിലപാട് തിരിച്ചായതാണ് വിജിലന്‍സിനെ കുഴക്കുന്നത്. നേരിട്ട് പണം വാങ്ങിയതിന് തെളിവില്ലാത്തതിനാല്‍ എങ്ങിനെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുന്നത്.
ബാറുടമകള്‍ മൊഴിമാറ്റിയത് കൊണ്ട് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകള്‍ അപ്രസക്തമായെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിച്ചാല്‍ നിയമകുരുക്കിലേക്ക് നീങ്ങുമെന്ന ആശങ്ക വിജിലന്‍സിനുണ്ട്. ലളിതാകുമാരി കേസില്‍ സുപ്രീം കോടതി തന്നെ കര്‍ക്കശമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതാണ്.
ബിജു രമേശ് കോടതിയില്‍ നല്‍കിയ ഹാര്‍ഡ് ഡിസ്‌ക്ക് പ്രധാന തെളിവായി സ്വീകരിക്കണമോയെന്നതും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലേ തീരുമാനിക്കൂ. ഇലക്‌ട്രോണിക് തെളിവ് നല്‍കുന്നയാള്‍ സ്വന്തം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന വ്യവസ്ഥയുണ്ട്. ഫോറന്‍സിക് പരിശോധന പോലും ഇതിന്റെ അടിസ്ഥാനത്തിലാകും. ഈ സാഹചര്യത്തിലാണ് ശബ്ദരേഖ പ്രധാന തെളിവാക്കുന്ന കേസില്‍ നിയമോപദേശം തേടുന്നത്. ബിജുവിന്റെ രഹസ്യ മൊഴി ലഭിച്ച ശേഷമാകും മന്ത്രി കെ ബാബുവിനെതിരെ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.