രക്ഷാ കപ്പലും കാത്ത് ഹുദൈദയില്‍ മലയാളികള്‍

Posted on: April 6, 2015 6:30 am | Last updated: April 5, 2015 at 11:49 pm

indians--yemen-evacuation

മസ്‌കത്ത്: രക്ഷാ കപ്പലും കാത്ത് സന്‍ആക്ക് സമീപത്തെ ഹുദൈദ തുറമുഖത്ത് മലയാളികളടക്കം നൂറുകണക്കിന് ഇന്ത്യക്കാര്‍ മുള്‍മുനയിയില്‍. നാവികസേനയുടെ കപ്പല്‍ എത്തുമെന്ന് എംബസി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ഹുദൈദയില്‍ എത്തിയത്. എന്നാല്‍, ഹുദൈദയില്‍ എത്തിയ ഇവരുമായി ബന്ധപ്പെടാന്‍ എംബസി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ജിബൂട്ടി വഴി ഇന്ത്യയിലേക്ക് പോകാമെന്ന പ്രതീക്ഷയിലാണ് ഇവിടെയെത്തിയതെന്നും കപ്പല്‍ എപ്പോഴെത്തുമെന്നതിനെ കുറിച്ച് ഇതുവരെ ഔദ്യോഗികമായ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും ഇവിടെ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ പറയുന്നു. വിസയില്ലാത്തതിന്റെ പേരിലാണ് സന്‍ആയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഇവരെ ഹുദൈദയിലേക്ക് അയച്ചത്. വിസയില്ലാതെ യമനില്‍ താമസിച്ചതിന്റെ പിഴ അടയ്ക്കാന്‍ തയ്യാറായാല്‍ സന്‍ആ വഴി കയറ്റിവിടാമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ടെത്രെ. എന്നാല്‍, മാസങ്ങളായി ശമ്പളം പോലും ലഭിക്കാതെ ജോലിയെടുത്ത ഇവര്‍ക്ക് പണം നല്‍കാനുള്ള കഴിവില്ല. സന്‍ആ വിമാനത്താവളത്തിന് സമീപത്ത് കഴിഞ്ഞിരുന്ന ഇവര്‍ ബസ് മാര്‍ഗമാണ് ഹുദൈദയിലെത്തിയത്.
താമസത്തിനും ഭക്ഷണത്തിനുമായി നല്ലൊരു തുക ഇവര്‍ക്ക് ചെലവാക്കേണ്ടി വന്നിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും മന്ത്രി കെ സി ജോസഫിനെയും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നെന്നും നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതായും തിരുവനന്തപുരം സ്വദേശിയായ ഷിബിന്‍ പറഞ്ഞു.