വിദേശികള്‍ രാജ്യം വിടണമെന്ന് യമന്‍; ഒഴിപ്പിക്കല്‍ ഊര്‍ജിതം

Posted on: April 6, 2015 5:30 am | Last updated: April 6, 2015 at 12:21 pm

girl with indian navy

ന്യൂഡല്‍ഹി/ ഏദന്‍: യമനില്‍ ഹൂതികള്‍ക്കെതിരെ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള ദശരാഷ്ട്ര സഖ്യസേന ഏറ്റുമുട്ടല്‍ രൂക്ഷമാക്കുമെന്ന സൂചനകള്‍ക്കിടെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ വേഗത്തിലാക്കി. മുഴുവന്‍ വിദേശികളും അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് യമന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. ആക്രമണം ശക്തമാകുമെന്ന വ്യക്തമായ സൂചന നല്‍കിയാണ് എത്രയും പെട്ടെന്ന് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ യമന്‍ നിര്‍ദേശിച്ചത്. യമന്‍ തലസ്ഥാനമായ സന്‍ആയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ മൂന്ന് വിമാനങ്ങളിലും രണ്ട് കപ്പലുകളിലുമായാണ് ഇന്നലെ ഒഴിപ്പിക്കല്‍ നടന്നത്. ഇതോടെ യമനില്‍ നിന്ന് തിരിച്ചെത്തിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ എണ്ണം 2,300 ആയി. എയര്‍ ഇന്ത്യയുടെ മൂന്ന് വിമാനങ്ങളിലായി 488 പേരെയാണ് ഇന്നലെ സന്‍ആയില്‍ നിന്ന് തിരിച്ചെത്തിച്ചത്. ആയിരത്തോളം പേരെ ഉടന്‍ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, ഏറ്റുമുട്ടല്‍ രൂക്ഷമായ യമനിലെ ഏദനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ഇന്ത്യന്‍ നാവികസേന ശ്രമകരമായ ദൗത്യം പൂര്‍ത്തിയാക്കിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സന്‍ആ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കാനാകുമെന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് യമനിലൂടെ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി ലഭിക്കാത്തതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നത്. ഏകദേശം അയ്യായിരത്തോളം ഇന്ത്യക്കാര്‍ യമനില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരില്‍ ആയിരത്തോളം സ്ത്രീകള്‍ യമന്‍ പൗരന്മാരെയാണ് വിവാഹം ചെയ്തിട്ടുള്ളത്.
യമനിലെ അല്‍ മുകല്ല തുറമുഖത്ത് നിന്ന് ഇന്നലെ ഉച്ചയോടെയാണ് ഐ എന്‍ എസ് സുമിത്രയില്‍ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. 203 പേരാണ് കപ്പലില്‍ ഉള്ളത്. ഇവരില്‍ പതിനേഴ് പേര്‍ വിദേശികളാണ്. ഇന്ന് ഉച്ചയോടെ ഐ എന്‍ എസ് സുമിത്ര ജിബൂട്ടിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ നിന്ന് വിമാന മാര്‍ഗം ഇന്ത്യയിലെത്തിക്കും. നിലവില്‍ അല്‍ഖാഇദയുടെ നിയന്ത്രണത്തിലാണ് അല്‍ മുകല്ല നഗരം. സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് തുറമുഖത്ത് നിന്ന് കിലോമീറ്ററുകള്‍ക്കപ്പുറമാണ് കപ്പല്‍ നിര്‍ത്തിയത്. തുറമുഖത്ത് നിന്ന് ചെറിയ ബോട്ടുകളിലാണ് യാത്രക്കാരെ കപ്പലില്‍ എത്തിച്ചത്. മുകല്ലയില്‍ നിന്ന് ഇന്ത്യക്കാരെ പൂര്‍ണമായും ഒഴിപ്പിച്ചതായി നാവികസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി ഏദന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട നാവിക സേനയുടെ കപ്പല്‍ ഇന്നലെ രാവിലെ ജിബൂട്ടിയിലെത്തി. ശനിയാഴ്ച രാത്രി 441 പേരുമായി പുറപ്പെട്ട ഐ എന്‍ എസ് മുംബൈ ആണ് ഇന്നലെ രാവിലെ ജിബൂട്ടിയിലെത്തിയത്. ഇന്ത്യക്കാര്‍ക്ക് പുറമെ പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ള 179 പേരും ഐ എന്‍ എസ് മുംബൈയില്‍ ഉണ്ടായിരുന്നു. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. മാനുഷിക പരിഗണന നല്‍കിയാണ് ഇന്ത്യക്കാര്‍ക്കൊപ്പം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെയും ഐ എന്‍ എസ് മുംബൈയില്‍ ജിബൂട്ടിയില്‍ എത്തിച്ചതെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ ട്വിറ്ററില്‍ അറിയിച്ചു.
ഐ എന്‍ എസ് മുംബൈക്ക് ഏദന്‍ തുറമുഖത്ത് എത്താന്‍ സാധിക്കാത്തതിനാല്‍ തുറമുഖത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് നിര്‍ത്തിയത്. ചെറിയ ബോട്ടുകളിലായാണ് ഇന്ത്യക്കാരെ തുറമുഖത്ത് നിന്ന് കപ്പലില്‍ എത്തിച്ചത്. വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിംഗ് ജിബൂട്ടിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നുണ്ട്. അതിനിടെ, പതിനൊന്ന് ഇന്ത്യക്കാരുള്‍പ്പെടെ 183 പേരുമായി പാക്കിസ്ഥാന്‍ നാവികസേനയുടെ കപ്പല്‍ അല്‍ മുകല്ല തുറമുഖത്ത് നിന്ന് പുറപ്പെട്ടു. ഇന്ത്യക്കാര്‍ക്ക് പുറമെ ചൈന, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുമായി പി എന്‍ എസ് അസ്‌ലത് ചൊവ്വാഴ്ച കറാച്ചി തുറമുഖത്തെത്തും. ഹൂതികള്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യം ശക്തമായ ആക്രമണമാണ് തുടരുന്നത്.