പട്ടിണി: ഛത്തീസ്ഗഡില്‍ നിന്ന് ഒരു ലക്ഷം ഗ്രാമീണര്‍ പലായനം ചെയ്തു

Posted on: April 6, 2015 6:09 am | Last updated: April 5, 2015 at 11:11 pm

poor indiaറായ്പൂര്‍: തൊഴിലില്ലായ്മയും കൊടുംപട്ടിണിയും മൂലം ഛത്തീസ്ഗഡില്‍ നിന്ന് ഒരുലക്ഷം ഗ്രാമീണര്‍ കൂട്ടത്തോടെ വീടുപേക്ഷിച്ച് അയല്‍സംസ്ഥാനങ്ങളിലേക്ക് കുടിയേറിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ മാത്രം കണക്കാണിത്. ജംഗീര്‍, ചമ്പാ ജില്ലകളിലെ ഗ്രാമങ്ങളില്‍ നിന്നാണ് അധികം പേരും ജോല ിതേടി അയല്‍സംസ്ഥാനങ്ങളിലേക്ക് പോയത്. കേന്ദ്ര സര്‍ക്കാറിന്റെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളും ഒരു രൂപക്ക് ഒരു കിലോ അരി പദ്ധതിയും നിലനില്‍ക്കെയാണ് ലക്ഷക്കണക്കിന് ആളുകള്‍ ദാരിദ്ര്യത്തില്‍ കഴിേയണ്ടി വരുന്നത്. സര്‍ക്കാറിന്റെ ഈ മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ കനത്ത വീഴ്ച വരുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
റവന്യൂ മന്ത്രി പ്രേം പ്രകാശ് പാണ്ഡെ പ്രതിപക്ഷ നേതാവിന് ഗുരുതരമായ ഈ പ്രശ്‌നം സംബന്ധിച്ച് കത്തെഴുതിയിട്ടുണ്ട്. ഈ പ്രശ്‌നം അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യണമെന്നും അതിന് പ്രതിപക്ഷം സഹകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജംഗീര്‍, ചമ്പാ ജില്ലകള്‍ കൂടാതെ ബെമേത്ര, ബലോദ്, ഗാരിയാബാദ്, ക്വാര്‍ധ, ദുര്‍ഗ്, ദമാത്രി ജില്ലകളില്‍ നിന്നും ഗ്രാമീണര്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നുണ്ട്. ഉത്തര്‍പ്രദേശ്, ബീഹാര്‍, ജമ്മുകാശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കാണ് ഇവിടങ്ങളില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുന്നതെന്നും അവിടെ, വീട്, റോഡ്, കനാല്‍, ഇഷ്ടിക നിര്‍മാണ മേഖലകളില്‍ വ്യാപൃതരാവുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മാവോയിസ്റ്റ് ഭീഷണിയുടെ കീഴിലുള്ള സുക്മ ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയനുസരിച്ച് കഴിഞ്ഞ ഒമ്പത് മാസങ്ങളായി സര്‍ക്കാര്‍ ജോലി നല്‍കുന്നില്ലെന്നും പരാതിയുണ്ട്.