Connect with us

Kerala

മദ്യനയം തിരുത്തുന്നു; ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ അനുവദിക്കും

Published

|

Last Updated

തിരുവനന്തപുരം: ഹൈക്കോടതി അംഗീകരിച്ച മദ്യനയം സര്‍ക്കാര്‍ പുനഃപരിശോധിക്കുന്നു. ടൂറിസം രംഗത്തെ തിരിച്ചടി ചൂണ്ടിക്കാട്ടിയാണ് നീക്കം. പഞ്ചനക്ഷത്ര ബാറുകള്‍ക്ക് അനുമതി നല്‍കിയത് പോലെ ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്‍കാനാണ് ആലോചന. ഒമ്പതിന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചക്ക് വരും. ഹൈക്കോടതി വിധിക്കെതിരെ തിങ്കളാഴ്ച ബാറുടമകള്‍ നല്‍കുന്ന അപ്പീലില്‍ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് കൂടി ആശ്രയിച്ചാകും അന്തിമ തീരുമാനം. ബാര്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടിയതോടെ ടൂറിസം രംഗത്ത് വലിയ തിരിച്ചടി നേരിടുമെന്ന് മുഖ്യമന്ത്രിയെ ടൂറിസം വകുപ്പ് അറിയിച്ച് കഴിഞ്ഞു. സര്‍ക്കാര്‍ നിലപാട് പൂര്‍ണമായി ഹൈക്കോടതി അംഗീകരിച്ചിരിക്കെ പെട്ടെന്നൊരു നിലപാട് മാറ്റം തിരിച്ചടിയാകുമോയെന്ന ആശങ്ക സര്‍ക്കാറിനുണ്ട്.

2014ലെ മദ്യനയം ആണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ നയം തീരുമാനിക്കാത്തതിനാല്‍ പഴയ നയം തന്നെ തുടരുകയാണ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ നയം അനുസരിച്ച് പഞ്ചനക്ഷത്ര പദവിയുള്ള ബാറുകള്‍ ഒഴികെ എല്ലാം അടച്ചുപൂട്ടി കഴിഞ്ഞു. 24 ബാറുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ബാറുകളെല്ലാം അടച്ചുപൂട്ടിയെങ്കിലും സുപ്രീം കോടതി നിലപാട് കാത്തിരിക്കുകയാണ് സര്‍ക്കാര്‍. പൂട്ടിയ ബാറുകളുടെ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന മദ്യം തിരിച്ചെടുത്തിട്ടില്ല. ഹൈക്കോടതി വിധിക്ക് എതിരായ ഉത്തരവ് സുപ്രീം കോടതിയില്‍ നിന്നുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഫോര്‍ സ്റ്റാര്‍ പദവിയുള്ള 36 ബാറുകളും എട്ട് ഹെറിറ്റേജ് ബാറുകളുമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഹൈക്കോടതി വിധിയോടെ ഇവക്കും പൂട്ടുവീണു. ബാറുകള്‍ പൂട്ടിയത് ടൂറിസം മേഖലയില്‍ വലിയ തിരിച്ചടിക്ക് വഴിവെക്കുമെന്നാണ് വകുപ്പിന്റെ വാദം. ടൂറിസം രംഗത്തെ വിവിധ അസോസിയേഷനുകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാറിന് നിവേദനം നല്‍കി. ബാറുകള്‍ പൂട്ടിയതോടെ വിദേശികളുടേത് ഉള്‍പ്പെടെ ബുക്കിംഗ് റദ്ദാക്കിയതായി ഇവര്‍ പറയുന്നു. സുപ്രീം കോടതി നിലപാട് വരും വരെ കാത്തിരിക്കാനാണ് ഇവരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹൈക്കോടതി സിംഗിള്‍ ബഞ്ച് കേസ് പരിഗണിച്ചപ്പോഴും ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്ക് അനുകൂല സമീപനമാണ് സ്വീകരിച്ചിരുന്നത്. പഞ്ചനക്ഷത്ര ബാറുകള്‍ അനുവദിക്കുമ്പോള്‍ ഫോര്‍ സ്റ്റാറിനും ഹെറിറ്റേജിനും അനുമതി നല്‍കാത്തത് വിവേചനമാണെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ നിലപാട്. ആ ഘട്ടത്തില്‍ തന്നെ ഇക്കാര്യം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. ഞായറാഴ്ചയിലെ ഡ്രൈ ഡേ ഒഴിവാക്കിയതും ടൂറിസം രംഗത്തെ തിരിച്ചടി ചൂണ്ടിക്കാട്ടിയാണ്. ഫോര്‍ സ്റ്റാര്‍ അനുവദിച്ചാല്‍ കൂടുതല്‍ ബാറുകള്‍ തുറക്കുന്ന സാഹചര്യമുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫൈവ് സ്റ്റാര്‍ പോലെ ഫോര്‍ സ്റ്റാര്‍ പദവി ലഭിക്കാന്‍ വലിയ നടപടിക്രമങ്ങള്‍ ആവശ്യമില്ല. അതിനാല്‍, നിലവിലുള്ള ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ വലിയ മാറ്റം വരുത്താതെ ഫോര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്താന്‍ കഴിയുകയും ചെയ്യും. സര്‍ക്കാര്‍ തന്നെ നയം തിരുത്തുന്ന സാഹചര്യമുണ്ടായാല്‍ കോടതിയില്‍ തിരിച്ചടിയേല്‍ക്കാനും അത് വഴിവെക്കും. മദ്യവിപത്തിനെതിരെ സ്വീകരിച്ച നിലപാട് പുനഃപരിശോധിക്കുമ്പോള്‍ സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധിയാകും ചോദ്യം ചെയ്യപ്പെടുക. ഒമ്പതിന് ചേരുന്ന യു ഡി എഫ് യോഗത്തില്‍ ഇക്കാര്യങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും. മദ്യം വിളമ്പുന്നതിന് ക്ലബ്ബുകള്‍ക്കുള്ള ലൈസന്‍സിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെങ്കില്‍ തത്സ്ഥിതി തുടരട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാട്.
പുതുതായി ക്ലബ്ബുകള്‍ ലൈസന്‍സിന് അപേക്ഷിച്ചാല്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. വിദേശമദ്യം വിളമ്പാന്‍ അനുമതിയുള്ള 33 ക്ലബ്ബുകള്‍ക്കാണ് സംസ്ഥാനത്ത് ബാര്‍ ലൈസന്‍സുള്ളത്. പുതിയ അബ്കാരിനയം നിലവില്‍ വന്ന ശേഷം ഒരു ക്ലബ്ബിനുകൂടി ലൈസന്‍സ് നല്‍കിയിരുന്നു. കള്ളുഷാപ്പുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. നിലവില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് മണി വരെയാക്കാനാണ് ആലോചന.