സൈനിക ശക്തിയാകുന്ന ഗള്‍ഫ്‌

Posted on: April 4, 2015 8:22 pm | Last updated: April 4, 2015 at 8:22 pm

Satelliteസൈനിക ആയുധങ്ങള്‍ക്കുവേണ്ടി ലോകത്ത് ഏറ്റവും ചെലവു ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് സഊദി അറേബ്യ. ഏതാണ്ട് 6,700 കോടി ഡോളര്‍ പ്രതിവര്‍ഷം ചെലവു ചെയ്യുന്നുണ്ട്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ് സൈനിക വാഹനങ്ങളും മിസൈലുകളും മറ്റും വാങ്ങുന്നത്. ലോകത്ത് പ്രതിരോധ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമുണ്ട്. 2010നും 14നും ഇടയില്‍ ബ്രിട്ടനില്‍ നിന്ന് 45 എയര്‍ ക്രാഫ്റ്റുകളും അമേരിക്കയില്‍ നിന്ന് 38 ഹെലിക്കോപ്റ്ററുകളും കാനഡയില്‍ നിന്ന് നിരവധി ടാങ്കുകളും വാങ്ങി. എന്നാല്‍ ഒരു സൈനിക ശക്തി എന്ന് ഇതേവരെ അറിയപ്പെട്ടില്ല. പക്ഷേ, യമന്‍ പ്രതിസന്ധി അതിനൊരു മാറ്റംവരുത്തിയിരിക്കുന്നു. 1990ല്‍ ഇറാഖ് കുവൈത്ത് അധിനിവേശം നടത്തിയതിന് ശേഷം പ്രതിരോധ കാര്യത്തില്‍ സഊദി കുറേക്കൂടി ജാഗ്രത കാട്ടിത്തുടങ്ങി. ഇറാന്‍ ആണവ സമ്പുഷ്ടീകരണം ആരംഭിച്ചത്, സഊദിയില്‍ മറ്റൊരു അങ്കലാപ്പ് സൃഷ്ടിച്ചു. സൈനിക ശക്തിയായാല്‍ മാത്രമെ നില നില്‍പ് ഭദ്രമാക്കാന്‍ കഴിയൂ എന്ന് ഭരണകൂടത്തിന് ഒരിക്കല്‍കൂടി ബോധ്യമായി.
ഇതിനിടയിലാണ് അയല്‍ രാജ്യമായ യമനില്‍ ശിയാ വിഭാഗത്തിലെ ഹൂതികള്‍ കലാപം ആരംഭിച്ചത്. സുന്നീ രാജ്യമായ സഊദിക്ക് ഇത് രണ്ടു വിധത്തിലാണ് തലവേദനയായത്. സഊദിയിലേക്ക് ഹൂതികളുടെ നുഴഞ്ഞുകയറ്റം അതിലൊന്ന്. രണ്ടാമത്തേത്, കലാപം രൂക്ഷമായപ്പോള്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലഹ് അഭയം തേടിയത് സഊദിയില്‍. രക്ഷപ്പെടാനും രക്ഷിക്കാനും ആക്രമണമല്ലാതെ വേറെ വഴിയില്ല.
2009 നവംബര്‍ അഞ്ചിന് ഹൂതികള്‍ക്കെതിരെ സഊദി സൈന്യം കരമാര്‍ഗത്തില്‍ ആക്രമണം നടത്തി. ഇറാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്ന് ആയുധങ്ങള്‍ ശേഖരിച്ച് ഹൂതികള്‍ തിരിച്ചടിച്ചു. മൂന്നു മാസത്തിനിടയില്‍ 133 സഊദി സൈനികര്‍ കൊല്ലപ്പെട്ടു. ഇത്തവണ പക്ഷേ, ഹൂതികള്‍ക്കെതിരെ സഊദി അറേബ്യക്കൊപ്പം യു എ ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്ത്, ജോര്‍ദാന്‍, സുഡാന്‍ തുടങ്ങിയ അറബ്-ആഫ്രിക്കന്‍ രാജ്യങ്ങളുമുണ്ട്. ഇതില്‍ സഊദിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ബഹ്‌റൈനിലെ ശിയാ കലാപം അടിച്ചമര്‍ത്താന്‍ ഒരുമിച്ചിരുന്നു.
മധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷിതത്വത്തിന് ഗള്‍ഫ് രാജ്യങ്ങളുടെ ഏകീകൃത സേന ഇതോടെ നിലവില്‍ വന്നിരിക്കുന്നു. സഊദി, യു എ ഇ, ബഹ്‌റൈന്‍, കുവൈത്ത് രാജ്യങ്ങള്‍ മിക്കപ്പോഴും ഒറ്റക്കെട്ടാണ്. ഖത്തറിന് ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഹൂതികള്‍ക്കെതിരെ സഊദിക്കൊപ്പമുണ്ട്. ഒമാന്‍ പ്രത്യക്ഷത്തില്‍ രംഗത്തിറങ്ങിയിട്ടില്ലെങ്കിലും തീവ്രവാദത്തിന് എതിരാണ്.
യമനില്‍ ആക്രമണം നടത്താന്‍ 1.5 ലക്ഷം സൈനികരെയും നൂറ് ഫൈറ്റര്‍ ജെറ്റുകളെയുമാണ് സഊദിയുടെ നേതൃത്വത്തില്‍ ‘സഖ്യസേന’ സജ്ജമാക്കിയത്. 1991ല്‍ കുവൈത്തില്‍ നിന്ന് ഇറാഖിനെ തുരത്താന്‍ അമേരിക്ക തയ്യാറാക്കിയ ഓപ്പറേഷന്‍ ഡിസര്‍ട്ട് സ്റ്റോം (മരുഭൂമിയിലെ കൊടുങ്കാറ്റ്) മാതൃകയില്‍, ആക്രമണം തുടങ്ങി. മാര്‍ച്ച് 25നാണ് ഓപ്പറേഷന്‍ ഡിസിസീവ് സ്റ്റോം (ശക്തമായ ആക്രമണക്കൊടുങ്കാറ്റ്) ആരംഭിച്ചത്. സഖ്യസേനയുടെ നീക്കം മേഖലയില്‍ വരും കാലത്തെ പ്രതിരോധ നയത്തിന്റെ സൂചനയുമാണ്.
ശിയാ രാജ്യമായ ഇറാന്‍ ആണവ സമ്പുഷ്ടീകരണം നടത്തുകയാണ്. ഇറാനും സിറിയയും ഇറാഖും ലബനാനിലെ ഹിസ്ബുല്ലയും പരസ്പരം കൈകോര്‍ത്താല്‍ വലിയ സൈനിക ശക്തിയായി. സുന്നീ രാജ്യങ്ങളായ സഊദിക്കും മറ്റും ഇത് ഭീഷണിയാണ്. വേറൊരു വശത്ത് ഇസ്‌റാഈല്‍ എന്ന മഹാസൈനിക ശക്തിയുണ്ട്. അമേരിക്കയും ബ്രിട്ടനും ഇസ്‌റാഈലിനെ കൈയയച്ച് സഹായിക്കുന്നു. ഇസ്‌റാഈല്‍ ആണവ സമ്പുഷ്ടീകരണം നേടിയിട്ടുമുണ്ട്.
എണ്ണ സമ്പത്തുള്ളത് മാത്രമാണ് ഗള്‍ഫ് രാജ്യങ്ങളുടെ ഏക പ്രതീക്ഷ. വരുമാനത്തിന്റെ വലിയൊരു ഭാഗം യുദ്ധ സാമഗ്രികള്‍ക്ക് നീക്കിവെച്ചാലും വേണ്ടില്ലായെന്ന ചിന്താഗതി സമൂഹത്തിലും വളര്‍ന്നു വന്നിട്ടുണ്ട്. സമാധാനത്തിനും സുരക്ഷിതത്വത്തിനും പ്രതിരോധം അനിവാര്യമായിരിക്കുന്നു. ആണവ സമ്പുഷ്ടീകരണ പ്രശ്‌നത്തില്‍ ഇറാനോട് മൃദു സമീപനമാണ് ഇപ്പോള്‍ അമേരിക്കക്കുള്ളത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരവാദത്തിനെതിരെ അമേരിക്കയും ഇറാനും കൈകോര്‍ക്കുകയുമാണ്. ഈ സാഹചര്യത്തില്‍ സഊദി അറേബ്യക്കും സഖ്യ കക്ഷികള്‍ക്കും സ്വന്തം വഴി നോക്കിയേ തീരൂ. മേഖലയിലെ സ്‌ഫോടനാത്മക സ്ഥിതിവിശേഷം ഒഴിവാക്കപ്പെടണം. പാശ്ചാത്യരുടെ കനിവുകാത്തിട്ട് കാര്യമില്ല.
യമനിലെ ഹൂതികള്‍ക്കെതിരെയുള്ള ആക്രമണം വിജയിച്ചാല്‍ സഖ്യസേനക്ക് വലിയ ആത്മ വിശ്വാസം കൈവരും. മേഖലയില്‍ ഇറാന്റെയും ഇസ്‌റാഈലിന്റെയും ഇടപെടലിനെ ചെറുക്കാന്‍ പ്രാപ്തി ലഭിക്കും.
ഒമാന്‍, സഊദി എന്നീ രാജ്യങ്ങളാണ് യമന്റെ അതിര്‍ത്തി പങ്കിടുന്നത്. സഊദിയുടെ ജിസാന്‍, അബ്ഹ, നജ്‌റാന്‍ എന്നീ പ്രദേശങ്ങള്‍ക്കും ആഫ്രിക്കയെയും യമനെയും വിഭജിക്കുന്ന ചെങ്കടല്‍ പാതക്കും ഹൂതികളുടെ ഭീഷണിയുണ്ട്. ചെങ്കടലിന്റെ തീരത്തുള്ള യമനിലെ ഹുദൈദ തുറമുഖം ഹൂതികളുടെ നിയന്ത്രണത്തില്‍. അറേബ്യന്‍ കടലിന്റെ തീരത്തുള്ള ഏദനിലും ഹൂതികളുടെ കനത്ത സാന്നിധ്യം.യമന്റെ ഒത്തനടുക്കുള്ള, സനയില്‍ ഹൂതികളും സൈനികരും പരസ്പരം പോരാട്ടത്തില്‍. ഹൂതി സായുധരെ തുരത്തുക അത്ര എളുപ്പമല്ല.
യമനില്‍ സഖ്യ സേനയുടെ സൈനിക നീക്കം വിജയത്തിലെത്തണമെന്നാണ് ഗള്‍ഫിലെ ഇന്ത്യക്കാരുടെ ആഗ്രഹം. കാരണം, സഖ്യ കക്ഷികള്‍ ശക്തിപ്പെട്ടാല്‍ മാത്രമെ ഇന്ത്യക്കാര്‍ക്ക് ഗള്‍ഫില്‍ നിലനില്‍പ്പുള്ളു. സംഘര്‍ഷം വര്‍ധിച്ചാല്‍ ഇന്ത്യക്കാരുടെയടക്കം മിക്ക വിദേശികളുടെയും സുരക്ഷ അപകടത്തിലാകും. മറ്റു പലയിടത്തും യമന്‍ ആവര്‍ത്തിക്കപ്പെടും. ഗള്‍ഫില്‍ പല സ്ഥലങ്ങളിലും ശിയാ സാന്നിധ്യമുണ്ട്. ഗള്‍ഫ് ഭരണകൂടങ്ങളോട് ഒട്ടിനില്‍ക്കുന്ന ഇന്ത്യക്കാരെയും അവര്‍ ശത്രുക്കളായി കാണും.
ഇതിനിടയില്‍ ചൈനയും റഷ്യയും ഹൂതികളെ സഹായിക്കാന്‍ രംഗത്തിറങ്ങുമോയെന്ന ഭയം ഉടലെടുത്തിട്ടുണ്ട്. യമനില്‍ ചൈനക്കും റഷ്യക്കും ഒരേ സാമ്പത്തിക താല്‍പര്യങ്ങളാണ് ചെങ്കടല്‍ തീരത്തെ തുറമുഖങ്ങള്‍ തന്ത്രപ്രധാനമാണ്. അത് സംരക്ഷിക്കപ്പെടണമെങ്കില്‍ ഹൂതികളുടെ സഹായം വേണം. മാത്രമല്ല, ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സ്വാധീനം അവസാനിക്കണമെന്നും ചൈനയും റഷ്യയും ആഗ്രഹിക്കുന്നു. എല്ലാം കൊണ്ടും വിദേശികളുടെ ഭാവി അത്ര പ്രകാശമാനമല്ല. സഖ്യസേനയുടെ വിജയം മാത്രമാണ് പ്രതീക്ഷ.