ഉമ്മുല്‍ ഖുവൈന്‍ 100 ഇ-ഗവ. സര്‍വീസുകള്‍ ആരംഭിക്കുന്നു

Posted on: April 4, 2015 8:19 pm | Last updated: April 4, 2015 at 8:19 pm

634169136ഉമ്മുല്‍ ഖുവൈന്‍: 100 ഇ-ഗവ. സര്‍വീസുകള്‍ ആരംഭിക്കുന്നതായി ഉമ്മുല്‍ ഖുവൈന്‍ അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഐ ടി കമ്പനിയായ ടാക്മിയുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. യു എ ഇ ഫെഡറല്‍ സര്‍ക്കാരിന്റെ ഇ-സേവനം രാജ്യം മുഴുവന്‍ വ്യാപകമാക്കുക എന്ന നയത്തിന്റെ ഭാഗം കൂടിയാണ് എമിറേറ്റില്‍ ആരംഭിക്കുന്ന ഇ-ഗവ. സര്‍വീസ്. ഉമ്മുല്‍ ഖുവൈന്‍ സര്‍ക്കാരിന്റെ ഇ-സേവനങ്ങള്‍ കുറ്റമറ്റതാക്കാനും മികവുള്ളതാക്കാനും കൂടി ലക്ഷ്യമിട്ടാണ് ഐ ടി സ്വല്യൂഷന്‍ സ്ഥാപനവുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
നിശ്ചിത സയമത്തിനുള്ളില്‍ 100 ഇ-ഗവണ്‍മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ടാക്മിയുടെ ചെയര്‍മാന്‍ മുഹമ്മദ് അല്‍ നുഐമി വ്യക്തമാക്കി. എമിറേറ്റില്‍ നിലവിലുള്ള ആഭ്യന്തര സേവനങ്ങളുമായി ബന്ധപ്പെട്ടവയെ പുനരുദ്ധരിക്കുകയും ആധുനികവത്ക്കരിക്കുകയും ചെയ്യാനും പദ്ധതിയുണ്ട്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും ഇ-ഗവ. സേവനത്തിന്റെ പരിധിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ സംഘം ഉമ്മുല്‍ ഖുവൈന്‍ സര്‍ക്കാരിനായി പ്രത്യേക പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാക്കുമെന്ന് ടാക്മി സി ഇ ഒ ലോയ് മൊഹൈസന്‍ പറഞ്ഞു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ആവശ്യമുളള ഉപഭോക്താക്കള്‍ക്കും എളുപ്പത്തില്‍ സേവനങ്ങള്‍ നല്‍കാനും സ്വീകരിക്കാനും സാധിക്കുന്ന രീതിയിലാവും ഇതിന്റെ രൂപകല്‍പനയെന്നും അദ്ദേഹം വിശദീകരിച്ചു.