Connect with us

Gulf

പൊടിക്കാറ്റ് അസുഖം വരുത്തിവെക്കും

Published

|

Last Updated

അബുദാബി: പൊടിക്കാറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ഡോക്ടര്‍മാര്‍. ആസ്തമ പോലുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുവാന്‍ സാധ്യതയുണ്ട്.

പൊടിക്കാറ്റ് അടിക്കുന്ന സമയത്ത് വെളിയില്‍ നില്‍ക്കുന്നവര്‍ മുക്കൂം വായും മൂടുന്ന “മാസ്‌ക്” ധരിക്കുന്നത് നന്നായിരിക്കും. അവ ലഭ്യമായില്ലെങ്കില്‍ തുണിയുപയോഗിച്ച് വായും മൂക്കും മൂടിക്കെട്ടുക. പൊടി പിടിച്ച് മൂക്കിലെ ശ്ലേഷ്മം വരണ്ടുപോകാതിരിക്കാന്‍ മൂക്കിനുള്ളില്‍ അല്‍പം വാസ്‌ലിന്‍ പോലുള്ള പെട്രോളിയം ജെല്ലി തേക്കുന്നത് നല്ലതാണ്. പൊടിപടലങ്ങള്‍ ശ്വാസകോശത്തിലേക്ക് കടക്കുന്നത് ഇത് തടയും.
പൊടിക്കാറ്റില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാന്‍ കുറഞ്ഞത് കണ്ണടയെങ്കിലും ധരിക്കുക. കാറ്റ് കയറാത്ത കൂളിങ്ഗ്ലാസുകളാണ് ഏറ്റവും ഉചിതം. ശേഷം തലയും ചെവിയും തുണികൊണ്ട് മറക്കുക. ചെവിയിലും തലയിലും പൊടി അടിയാതിരിക്കാന്‍ ഇത് ഉപകരിക്കും.
പൊടിക്കാറ്റ് കനമുള്ളതായതിനാല്‍ ഉയരം കുറഞ്ഞ പ്രദേശത്തായിരിക്കും ഏറ്റവും കൂടുതല്‍ ശക്തിയുണ്ടാകുക. ഉയരം കൂടുംതോറും കാറ്റിലെ പൊടിയുടെ അളവ് കുറയും. ഇടിമിന്നലുള്ള സമയം ഉയരമുള്ള സ്ഥലങ്ങള്‍ നല്ലതല്ല. കാറ്റില്‍ വസ്തുക്കളും മറ്റു അവശിഷ്ടങ്ങളും പാറി വീഴുന്നതുമായ സ്ഥലങ്ങളും ഉപേക്ഷിക്കണം.
മരുഭൂമിയില്‍ ഉള്ളവര്‍ ഒട്ടകത്തെ ഇരുത്തിയ ശേഷം അതിന്റെ മറവില്‍ അഭയം തേടാവുന്നതാണ്. പൊടിക്കാറ്റ് അതിജീവിക്കാന്‍ ഒട്ടകത്തിനാവും. പൊടിക്കാറ്റ് അടിക്കുമ്പോള്‍ നിന്നിടത്ത് നിന്നും മുന്നോട്ടോ പിന്നോട്ടോ പോകരുത്. കാറ്റ് ഒന്ന് അടങ്ങിയ ശേഷം മാത്രം മാറുക.ജനലുകളും വാതിലുകളും ഭദ്രമായി അടച്ച ശേഷം മുറിക്കകത്ത് തങ്ങുന്നതാണ് ഏറ്റവും നല്ലത്. വാഹനമോടിക്കുമ്പോള്‍ പിന്നില്‍ പൊടിക്കാറ്റ് ശ്രദ്ധയില്‍ പെട്ടാല്‍ അത് നിങ്ങളുടെ വാഹനവുമായി അകലത്തിലാണെങ്കില്‍ വാഹനം വേഗതയില്‍ ഓടിച്ച് പേകുക. പൊടിക്കാറ്റിന്റെ ശരാശരി ദൂരം മണിക്കൂറില്‍ 75 കിലോമീറ്ററാണ്. ഇതിലും കുറവായിരിക്കും സാധാരണ ഗതിയില്‍. അപകടമേഖലയല്ലാത്ത സ്ഥലങ്ങളില്‍ മാത്രം ഇത് അവലംഭിക്കുക.
പൊടിക്കാറ്റ് കാരണം ദൂരക്കാഴ്ച്ച കുറയും. ഈ സമയത്ത് വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്കിടയാക്കും. പൊടിക്കാറ്റില്‍ വാഹനം അകപ്പെട്ടാല്‍ ഒന്നുകില്‍ സുരക്ഷിത സ്ഥലത്ത് കാര്‍ നിര്‍ത്തിയിടുക. ഹെഡ്‌ലൈറ്റുകള്‍ എല്ലാം ഓഫ് ചെയ്യുക. വിന്‍ഡോ അടയ്ക്കുക. പാര്‍ക്കിങ് ബ്രേക്കിടുക. വാഹനത്തിലെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്യുക.വാഹനം റോഡിലാണെങ്കില്‍ ഹെഡ് ലൈറ്റ് ഓണ്‍ ചെയ്ത് പിന്നിലെ ഹസാര്‍ഡ് ലൈറ്റും ഓണ്‍ ചെയ്ത് സാവധാനത്തില്‍ വാഹനമോടിക്കുക. ഇടക്കിടെ ഹോണും മുഴക്കുക. കാര്‍ റോഡില്‍ നിന്നും സുരക്ഷിതമായൊരിടത്ത് നിര്‍ത്താന്‍ ഇടം കിട്ടിയാല്‍ നിര്‍ത്തിയിടാന്‍ മടിക്കരുത്.
വാഹനം നിര്‍ത്തിയിട്ടാല്‍ ഹെഡ്‌ലൈറ്റടക്കമുള്ളവ ഓഫ് ചെയ്യാന്‍ മറക്കരുത്. റോഡില്‍ ദൂരക്കാഴ്ച്ച കുറവായതിനാല്‍ പിന്നിലുള്ള വാഹനങ്ങള്‍ നിങ്ങളുടെ വാഹനത്തിലെ ലൈറ്റിനെ അനുഗമിച്ച് വരാനിടയുണ്ട്. ഇത് അപകടത്തിനിടയാക്കും.വാഹനങ്ങളുടെ വിന്‍ഡോ പൂര്‍ണമായും അടച്ചിടുക. വാഹനത്തിലെ ഫാന്‍ പ്രവര്‍ത്തിപ്പിക്കരുത്. എസി ആകാം. ഫാന്‍ പുറത്തുനിന്നുള്ള പൊടിക്കാറ്റ് കാറിന് അകത്തേക്ക് എത്തിക്കും. കാറ്റ് അടങ്ങിയ ശേഷം മാത്രം വാഹനം ഓടിക്കുക.