ബാറുകള്‍ പൂട്ടിയതോടെ ബിവറേജസില്‍ മദ്യവില്‍പ്പന കൂടി

Posted on: April 4, 2015 5:18 pm | Last updated: April 5, 2015 at 10:58 am

beaveragesതിരുവനന്തപുരം: സര്‍ക്കാര്‍ മദ്യനയം അംഗീകരിച്ച് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ബാറുകള്‍ പൂട്ടിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. ഈ മാസം രണ്ടിന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി 38.37 കോടിയുടെ മദ്യം വിറ്റഴിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം രണ്ടിന് 30.6 കോടിയുടെ മദ്യം വിറ്റ സ്ഥാനത്താണ് ഈ മാസം രണ്ടിന് എട്ട് കോടിയിലധികം രൂപയുടെ വില്‍പ്പന നടന്നത്. ഒരു മാസത്തെ വ്യത്യാസത്തില്‍ ഈ മാസം രണ്ടിന് 22 ശതമാനം വില്‍പ്പന വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാറിന്റെ മദ്യനയം അംഗീകരിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നത് കഴിഞ്ഞ മാസം 31നായിരുന്നു. അന്നു രാത്രി പത്തരയോടെ തന്നെ സംസ്ഥാനത്ത് 300 ബാറുകള്‍ കൂടി പൂട്ടി. ഈ മാസം ഒന്നിന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അവധിയായിരുന്നു. ബാറുകള്‍ പൂട്ടിയതോടെ തൊട്ടടുത്ത ദിവസമായ ഈ മാസം രണ്ടിന്റെ വിറ്റുവരവിലാണ് കുത്തനെ വര്‍ധനവുണ്ടായിരിക്കുന്നത്.
അതേസമയം, പുതിയ സാമ്പത്തിക വര്‍ഷം മദ്യത്തിന്‍മേലുള്ള വില്‍പ്പന നികുതി ഏകദേശം എട്ടര ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ധനവ് ഒഴിവാക്കി നിര്‍ത്തിയാല്‍ പോലും 22 ശതമാനത്തിന്റെ വര്‍ധനവാണ് വിറ്റുവരവിലുണ്ടായിരിക്കുന്നതെന്നു കാണാം. ബാറുകള്‍ ഭൂരിഭാഗവും പൂട്ടിയതോടെ സാധാരണക്കാരായ ആളുകള്‍ കൂട്ടത്തോടെ ബിവറേജസ് ഔട്ട്‌ലെറ്റുകളെ ആശ്രയിച്ചതാണ് ബിവറേജസിലെ വില്‍പ്പനയില്‍ വര്‍ധനവുണ്ടാവാന്‍ കാരണം. അതേസമയം, ഉപഭോക്താക്കളുടെ ആവശ്യം മുതലാക്കി സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മദ്യം കരിഞ്ചന്തയില്‍ വില്‍ക്കുന്നതും പതിവായിരിക്കുകയാണ്. എന്നാല്‍, ഇവ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും സംസ്ഥാന വ്യാപകമായിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ നടപടിയുണ്ടാവുമെന്നും മന്ത്രി കെ ബാബു അറിയിച്ചു.
.