Connect with us

International

ഇസ്‌റാഈലിനെതിരെ ഫലസ്തീന്‍ ക്രിസ്തുമത വിശ്വാസികള്‍

Published

|

Last Updated

ജറൂസലം: ഈസ്റ്റര്‍ വേളയില്‍ ജറൂലസലമിലെ പുണ്യസ്ഥലങ്ങളില്‍ ഇസ്‌റാഈല്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളും അക്രമങ്ങളും ഇനിയും അനുവദിക്കാനാകില്ലെന്ന് ഫലസ്തീന്‍ ക്രിസ്തുമത വിശ്വാസികള്‍. ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ഇസ്‌റാഈല്‍ തുടരുന്ന നിയന്ത്രങ്ങളില്‍ മത നേതാക്കള്‍ ആശങ്കയറിയിച്ചു.
ജറൂസലമില്‍ ദുഃഖവെള്ളിയോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഫലസ്തീന്‍ ക്രിസ്ത്യാനികളെ ഇസ്‌റാഈല്‍ സൈന്യം പതിവായി തടയാറുണ്ട്. കുരിശുമായി യേശു നടന്നതെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന ഡോലോറോസ വഴി ആയിരക്കണക്കിന് വിശ്വാസികളാണ് കടന്നുപോകാറുള്ളത്. ഈ വര്‍ഷം വലിയ ഒരു മാറ്റമുണ്ടായതായും ഏപ്രില്‍ ഒന്നിന് ഫലസ്തീന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഔദ്യോഗികമായി അംഗത്വം ലഭിച്ചതായും ജറുസലേമില്‍ നിന്നുള്ള ക്രിസ്ത്യാനിയും മുന്‍ ഫലസ്തീന്‍ മന്ത്രിയുമായ ബാസെം ഖൗരി പറഞ്ഞു. മതസ്വാതന്ത്ര്യം നിഷേധിക്കല്‍ തങ്ങളെ പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദശാബ്ദക്കാലമായി ഈസ്റ്റര്‍ ആഘോഷത്തിന്റെ പേരില്‍ പ്രാദേശിക ക്രിസ്ത്യാനികളും ഇസ്‌റാഈല്‍ സൈന്യവും ഏറ്റുമുട്ടുക പതിവാണ്. പുണ്യസ്ഥലങ്ങളില്‍ വിശ്വാസികള്‍ പ്രവേശിക്കുന്നത് തടയുന്നതിന്റെ പേരിലാണിത്. 2005 മുതലാണ് പഴയനഗരമായ ജറൂസലമില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഇസ്‌റാഈല്‍ തങ്ങളെ വിലക്കുന്നതെന്ന് മറ്റൊരു മുന്‍ ഫലസ്തീനിയന്‍ മന്ത്രിയായ ഹിന്ദ് ഖൗരി പറഞ്ഞു.
ഈസ്റ്ററിലും ദുഃഖവെള്ളിയിലും ഇവിടെയെത്തുന്ന തങ്ങള്‍ക്കുമുന്നില്‍ വാതിലുകള്‍ അടഞ്ഞുകിടക്കുന്നതാണ് കാണാന്‍ കഴിഞ്ഞിരുന്നതെന്നും ഇസ്‌റാഈല്‍ സൈന്യം ഇതിനുമുന്നില്‍ നിലയുറപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.