അടുത്ത രണ്ട് ദശാബ്ദ കാലം അധികാരത്തില്‍ മോദി: അമിത് ഷാ

Posted on: April 4, 2015 6:00 am | Last updated: April 4, 2015 at 12:11 am

amith sha speechബെംഗളുരു: അടുത്ത രണ്ട് ദശാബ്ദകാലം ഡല്‍ഹിയില്‍ മോദി അധികാരത്തിലുണ്ടായിരിക്കുമെന്ന് ബി ജെ പി ദേശീയ പ്രസിഡന്റ് അമിത് ഷാ. മോദി സാര്‍ക്കാര്‍ ഇരുപത് വര്‍ഷത്തോളം അധികാരത്തിലുണ്ടാകും.
ഈ ഭരണം ഇന്ത്യയുടെ മുഖച്ഛായ മാറ്റുമെന്നും അമിത് ഷാ പറഞ്ഞു. ഇന്നലെ ബെംഗളുരുവില്‍ ആരംഭിച്ച ദേശീയ പ്രവര്‍ത്തക സമിത യോഗത്തില്‍ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അമിത് ഷാ. രാജ്യത്ത് രാഷ്ട്രീയ സംസ്‌കാരത്തിന് മാറ്റം സംഭവിക്കുമ്പോള്‍ അഴിമതിയുടെ ആധിപത്യവും നയങ്ങളുടെ ബലഹീനതയും അവസാനിക്കും. മോദിയുടെ പത്ത് മാസ കാലത്തെ ഭരണം ഇതാണ് തെളിയിക്കുന്നത്. ഭരണ സമ്പ്രദായത്തില്‍ വീക്ഷണപരമായ മാറ്റങ്ങള്‍ സംഭവിച്ചു.
സുതാര്യത വര്‍ധിക്കുകയും നയങ്ങളുടെ ദുര്‍ബലത അവസാനിക്കുകയും ചെയ്തു. യു പി എ നടത്തി വന്നിരുന്ന അഴിമതിയുടെ ഭരണം ബി ജെ പി അധികാരത്തിലെത്തിയതോടെ നിര്‍ത്തിവെച്ചു. യു പി എയുടെ അഴിമതി ചെറിയ ഒന്നായിരുന്നില്ല. വലിയ കുംഭകോണങ്ങളായിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മോദിയുടെ ഭരണം അഴിമതിക്കെതിരെയുള്ള വലിയ പോരാട്ടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കല്‍ക്കരി പാടങ്ങളുടേയും, സ്‌പെക്ട്രത്തിന്റേയും ലേലങ്ങളില്‍ റെക്കോര്‍ഡ് വരുമാനമാണ് സര്‍ക്കാറിലേക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.