മുസ്‌ലിം ബാലികക്ക് ഭഗവത്ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം

Posted on: April 4, 2015 12:02 am | Last updated: April 4, 2015 at 12:02 am

Bhagwad-Gita1മുംബൈ: പന്ത്രണ്ടു വയസ്സുകാരിയായ മുസ്‌ലിം ബാലികക്ക് ഭഗവത്ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം. മുംബൈ സ്വദേശിനിയായ മറിയം ആസിഫ് സിദ്ദിഖിയാണ് ഹൈന്ദവ ഗ്രന്ഥമായ ഗീതയിലെ അറിവ് കൊണ്ട് ശ്രദ്ധേയമായത്. ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഗീത മത്സരത്തില്‍ മുംബൈയിലെ 195 സ്‌കൂളുകളില്‍ നിന്നുള്ള 4500 കുട്ടികളാണ് പങ്കെടുത്തത്. കുട്ടികള്‍ക്ക് ഗീതയിലുള്ള ജ്ഞാനമാണ് മത്സരത്തില്‍ പരീക്ഷിച്ചത്. മത്സരത്തിന് ഒരു മാസത്തെ കഠിന പരിശ്രമം വേണ്ടി വന്നുവെന്ന് പിതാവ് ആസിഫ് പറഞ്ഞു. ഗീതയുടെ ഇംഗീഷ് പരിഭാഷയാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നത്.
ഇതിനായി പ്രത്യേകമായി ഒരു അധ്യാപകനെയും നിയമിച്ചിരുന്നു.
മത്സരാര്‍ഥികള്‍ പങ്കെടുത്ത 195 സ്‌കൂളുകളില്‍ 105 എണ്ണം സ്വകാര്യ സ്‌കൂളുകളും 90 എണ്ണം മുനിസിപ്പല്‍ സ്‌കൂളുകളുമാണ്. മറ്റൊരു മതത്തിന്റെ പുസ്തകം ഇത്രയധികം മനസ്സിലാക്കി മകള്‍ ഒന്നാം സ്ഥാനത്തെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസിഫ് പറഞ്ഞു.
ഒരു മുസ്‌ലിം ബാലികക്ക് ഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മൗലാന ഉമര്‍ അഹ്മദ് ഇല്യാസി പറഞ്ഞു.