തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ കൗണ്ടിംഗ് യന്ത്രങ്ങള്‍ തേടുന്നു

Posted on: April 4, 2015 4:00 am | Last updated: April 4, 2015 at 12:00 am

ന്യൂഡല്‍ഹി: വോട്ടെണ്ണുമ്പോള്‍ വോട്ടിംഗ് പാറ്റേണ്‍ വിശകലം ചെയ്യുക വഴി രഹസ്യ സ്വഭാവം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ കൗണ്ടിംഗ് യന്ത്രങ്ങള്‍ തേടുന്നു. നിയമ കമ്മീഷന്റെ അനുമതിക്കായി ഇത്തരത്തിലുള്ള യന്ത്രത്തിന്റെ രൂപരേഖ സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുന്നതോടെ ഏറ്റവും അടുത്ത തിരഞ്ഞെടുപ്പുകളില്‍ തന്നെ ടോട്ടലൈസര്‍ എന്ന പുതിയ മെഷീനുകള്‍ നിലവില്‍ വരും.
ഒരു പ്രത്യേക പോളിംഗ് സ്റ്റേഷനിലെ വോട്ടിംഗ് പാറ്റേണ്‍ വിശദമായി വിശകലനം ചെയ്താല്‍ വോട്ടിംഗിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഉള്ളത്. ഇത് ഒഴിവാക്കാന്‍ ടോട്ടലൈസറുകള്‍ വോട്ടുകളെ ഒരു പ്രത്യേക രീതിയില്‍ കൂട്ടിക്കുഴക്കുകയാണ് ചെയ്യുക. അത്‌കൊണ്ടാണ് വോട്ടിംഗിന്റെ രഹസ്യ സ്വഭാവം നിലനിര്‍ത്താന്‍ ടോട്ടലൈസറുകള്‍ ഉപയോഗിക്കുന്നത്. നിയമ കമ്മീഷന്റെ വിശദമായ പരിശോധനക്ക് ശേഷം മാത്രമേ ടോട്ടലൈസറുകള്‍ ഉപയോഗിക്കാവൂ എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നിയമവിദഗ്ധരുടെ സംഘം പുതിയ യന്ത്രത്തെ പിന്തുണക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയിട്ടുള്ളത്.
ഇതിനായി നിയമ ഭേദഗതിക്കും സംഘം ശിപാര്‍ശ ചെയ്തിട്ടുണ്ട്. ബാലറ്റ് പേപ്പറുകള്‍ ഉണ്ടായിരുന്ന കാലത്ത് വോട്ടെണ്ണിയിരുന്നത് പേപ്പറുകള്‍ കൂട്ടിക്കുഴച്ച ശേഷമായിരുന്നു. എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വന്നപ്പോള്‍ ഇത് അസാധ്യമായി. ഇതോടെ വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്ന സ്ഥതിയുണ്ടായി.
ഈ സാഹചര്യം വോട്ടര്‍മാര്‍ക്ക് വലിയ ഭീഷണിയുയര്‍ത്തുന്നുണ്ടെന്നും ലോ പാനലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹോഷംഗാബാദ് മണ്ഡലത്തില്‍ നിന്നുള്ള അനുഭവം പാനല്‍ എടുത്തു പറയുന്നുണ്ട്. അന്ന് ഈ മണ്ഡലത്തിലെ മുഗള്‍വാദ പോളിംഗ് സ്റ്റേഷനില്‍ വോട്ടിംഗ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വോട്ടിംഗ് യന്ത്രം കേടായി.
ഇതോടെ അവസാനമെത്തിയ ഏക വോട്ടര്‍ പുതിയ വോട്ടിംഗ് മെഷീനില്‍ വോട്ട് ചെയ്തു. ഈ വോട്ടറുടെ രഹസ്യ സ്വഭാവം വോട്ടെണ്ണുമ്പോള്‍ നഷ്ടപ്പെടുന്നുണ്ടെന്ന് പാനല്‍ ചൂണ്ടിക്കാട്ടുന്നു.