ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം

Posted on: April 4, 2015 6:00 am | Last updated: April 3, 2015 at 11:59 pm

ന്യൂഡല്‍ഹി: വിവാദമായ ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. ഭൂമിയേറ്റെടുക്കല്‍ ബില്‍ രാജ്യസഭയില്‍ പാസ്സാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വീണ്ടും കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഒപ്പുവെച്ചു. കേന്ദ്ര മന്ത്രിസഭ മാര്‍ച്ച് 31ന് നിര്‍ദേശിച്ച ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഭൂമിയേറ്റെടുക്കല്‍ ബില്ലിലെ വ്യവസ്ഥകളെ ന്യായീകരിച്ച് മെയ് ആറ് മുതല്‍ രാജ്യവ്യാപകമായി റാലികള്‍ സംഘടിപ്പിക്കാന്‍ ബി ജെ പി നേതൃത്വം തീരുമാനിച്ചതിനു പിന്നാലെയാണ് ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കുന്നത്.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഭരണഘടനാ പ്രകാരം ഓര്‍ഡിനന്‍സ് പാസ്സാക്കിയെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. മുമ്പ് കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നത്. ഓര്‍ഡിനന്‍സ് വീണ്ടും കൊണ്ടുവരുന്നതിനായി രാജ്യസഭയുടെ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കൊണ്ടുവരുന്ന പതിനൊന്നാമത്തെ ഓര്‍ഡിനന്‍സാണിത്. പ്രതിപക്ഷ ബഹളത്തിനിടെ, സര്‍ക്കാര്‍ കൊണ്ടുവന്ന ഒമ്പത് ഭേദഗതികളോടെയാണ് ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയത്. ബില്ലിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തുവന്ന സാഹചര്യത്തിലാണ് രാജ്യസഭയില്‍ ബില്‍ പാസ്സാക്കാന്‍ ബി ജെ പി സര്‍ക്കാറിന് സാധിക്കാതെ വന്നത്.
കര്‍ഷക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതല്ല ബില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത് കക്ഷികള്‍ തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ നിലപാടാണ് ബില്ലിനെതിരെ കൈക്കൊണ്ടത്. ലോക്‌സഭയില്‍ ബി ജെ പി സര്‍ക്കാറിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ മാത്രമേ ബില്‍ പാസ്സാക്കിയെടുക്കാന്‍ സാധിക്കൂ.