ഒമ്പത് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍ ഉടന്‍

Posted on: April 4, 2015 5:46 am | Last updated: April 3, 2015 at 11:46 pm

ന്യൂഡല്‍ഹി: ഒമ്പത് സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ ഗവര്‍ണര്‍മാരെ നിയോഗിക്കുന്നു. ഇത് സംബന്ധമായ പ്രഖ്യാപനം ഉടനെയുണ്ടാകും. കേരളത്തില്‍ നിന്ന് മുതിര്‍ന്ന ബി ജെപി നേതാവ് ഒ രാജഗോപാലിനെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് സൂചനയുണ്ട്. ഗവര്‍ണര്‍ നിയമത്തിന് പിന്നാലെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനക്കും സാധ്യത തെളിയുന്നുണ്ട്. ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ലയെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നും മാറ്റി ഗവര്‍ണറാക്കാനും ആലോചനയുണ്ട്.
നിലവിലെ മിക്ക ഗവര്‍ണര്‍മാര്‍ക്കും ഒന്നിലധികം സംസ്ഥാനങ്ങളുടെ ചുമതലയുള്ള സാഹചര്യത്തിലാണ് അടിയന്തിരമായി ഒഴിവുകള്‍ നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. അസം, ഹിമാചല്‍പ്രദേശ്, മേഘാലയ, മിസോറം, മണിപ്പൂര്‍, ബിഹാര്‍, ത്രിപുര, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഗവര്‍ണര്‍മാരുടെ ഒഴിവുകളുള്ളത്. ഇതില്‍ എട്ട് സംസ്ഥാനങ്ങളില്‍ എന്‍ ഡി എ ഇതര പാര്‍ട്ടികളാണ് ഭരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഒഴിവും നികത്താനുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഗവര്‍ണര്‍ നിയമനം സംബന്ധിച്ച ചര്‍ച്ചകളില്‍ ഒ രാജഗോപാലിന്റെ പേര് സജീവമായി ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍, അവസാന ലിസ്റ്റില്‍ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഇപ്പോള്‍ നിയമനം തേടുന്ന ഗവര്‍ണര്‍മാരുടെ പട്ടികയില്‍ ഒ രാജഗോപാലിന്റെ പേര് ഇടംപിടിച്ചിട്ടുണ്ടെന്നാണ് ബി ജെ പി കേന്ദ്രങ്ങല്‍ നല്‍കുന്ന സൂചന.
പ്രായാധിക്യവും കാര്യക്ഷമതക്കുറവും മൂലം നജ്മ ഹിബത്തുല്ലയെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കമുണ്ട്. അങ്ങനെ തീരുമാനമുണ്ടായാല്‍ അവര്‍ക്ക് ഗവര്‍ണര്‍ പദവി നല്‍കിയേക്കും. ഇത്തരം സാഹചര്യത്തില്‍ ന്യൂനപക്ഷ വിഭാഗക്കാരനായ മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് ക്യാബിനറ്റ് പദവി നല്‍കിയേക്കും.
കേരളഗവര്‍ണര്‍ പി സദാശിവം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം സ്വീകരിക്കുകയാണെങ്കില്‍ കേരളത്തിലും മാറ്റമുണ്ടാകും. ബെംഗളൂരുവില്‍ നടക്കുന്ന ബി ജെ പി ദേശീയ നിര്‍വാഹകസമിതിയോഗത്തിനുശേഷം ഗവര്‍ണര്‍ നിയമനവും കേന്ദ്രമന്ത്രിസഭാ പുനസംഘടനയും സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.