അന്തരീക്ഷ മലിനീകരണം: എസ് യു വികള്‍ അടുത്ത വര്‍ഷം നിരോധിച്ചേക്കും

Posted on: April 3, 2015 7:50 pm | Last updated: April 3, 2015 at 7:50 pm

ദുബൈ: അന്തരീക്ഷ മലിനീകരണവും ഗതാഗതക്കുരുക്കും പരിഗണിച്ച് അടുത്ത വര്‍ഷം മുതല്‍ എസ് യു വികള്‍ നിരോധിച്ചേക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. എസ് യു വികള്‍ക്കൊപ്പം 4ഃ4 വാഹനങ്ങളും നിരോധിക്കും. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ നിരോധനം പ്രാബല്യത്തിലാക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. ഈ കാലവധി അവസാനിച്ചാല്‍ റോഡില്‍ ഇറങ്ങുന്ന ഇത്തരം വാഹനങ്ങള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നത് സംബന്ധിച്ച് വ്യക്തത ഉണ്ടാവേണ്ടതുണ്ട്. മിക്ക ഗതാഗത നിയമലംഘനങ്ങളിലുമെന്നപോലെ ഇതിലും പിഴയായിരിക്കുമോയെന്നും വ്യക്തമല്ല. നിയമം പ്രാബല്യത്തിലായാല്‍ വലിപ്പം കൂടിയ കാറുകളായ ഇത്തരം വാഹനങ്ങള്‍ സ്വന്തമായുള്ളവര്‍ അവ വില്‍പന നടത്താന്‍ നിര്‍ബന്ധിതരാവും. പതിറ്റാണ്ടുകളായി യു എ ഇ റോഡുകളുടെ ഭാഗമായ ഒരു വാഹനക്കാഴ്ചക്കാവും ഇതോടെ അന്ത്യമാവുക.
അതേ സമയം എത്ര ശക്തിയുള്ള എഞ്ചിനുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങളാണ് നിരോധനത്തിന്റെ പരിധിയില്‍ വരികയെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി മലിനീകരണം കുറഞ്ഞതുമായ കാറുകളുമായി ഇവ കൈമാറാനുള്ള പദ്ധതി വാഹന നിര്‍മാതാക്കള്‍ ആവിഷ്‌ക്കരിച്ചാല്‍ ഉടമകള്‍ക്ക് ഉപയോഗപ്പെടുത്താനാവും. കഴിഞ്ഞ 10 വര്‍ഷമായി യു എ ഇ കമ്പോളത്തില്‍ ഏറെ മുല്യമുള്ള വാഹനങ്ങളില്‍ ഒന്നാണ് എസ് യു വികള്‍. വലിയ കാറുകള്‍ക്കുള്ള ആവശ്യം പരിഗണിച്ച് 6ഃ6 മോഡലുകള്‍ക്ക് കഴിഞ്ഞ വര്‍ഷം മെഴ്‌സിഡസ് ബെന്‍സ് തുടക്കമിട്ടിരുന്നു.