Connect with us

Kerala

ലീഗിന്റെ രാജ്യസഭാ സീറ്റ് മുതലാളിക്ക് കൊടുക്കരുത്: മുനവ്വറലി തങ്ങള്‍

Published

|

Last Updated

കോഴിക്കോട്: മുസ് ലിം ലീഗിന്റെ രാജ്യസഭാ സീറ്റ് ആര്‍ക്കെന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ശക്തമായ നിലപാടുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ രംഗത്ത്. മുസ്ലിം ലീഗിന്റെ രാജ്യസഭാ സീറ്റ് സേവന പാരമ്പര്യവും അച്ചടക്കവും ഉള്ള പാര്‍ട്ടി നേതാക്കള്‍ക്ക് കൊടുക്കണമെന്നും അത് മുതലാളിക്ക് നല്‍കരുതെന്നും മുനവ്വറലി തങ്ങള്‍ ആവശ്യപ്പെട്ടു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലാണ് മുനവ്വറലി തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. മുമ്പ് ഒരു മുതലാളിക്ക് ആ സ്ഥാനം നല്‍കിയപ്പോള്‍ പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഈ തീരുമാനം തന്റെ പിതാവ് മുഹമ്മദലി ശിഹാബ് തങ്ങളെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നും തങ്ങള്‍ വ്യക്തമാക്കുന്നു.

അതേസമയം, പോസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെ പേജില്‍ നിന്ന് ഡിലീറ്റ് ചെയ്തു. പോസ്റ്റിറ്റ് ഒരു മണിക്കൂറിനകം തന്നെ പേജില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.

munaravali.jpg.image.576.432

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

2015 ലെ മുസ്ലിം ലീഗിന്റെ രാജ്യ സഭാ സീറ്റുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ സജീവമാണല്ലോ. പാര്‍ട്ടിയുടെ പാരമ്പര്യത്തിന് കോട്ടം തട്ടാത്ത രീതിയിലുള്ള ഒരു തീരുമാനം വരുമെന്ന് പ്രതീക്ഷിക്കുന്നു. സേവന പാരമ്പര്യവും അച്ചടക്കവും ഉള്ള പാര്‍ട്ടി നേതാക്കള്‍ക്ക് കൊടുക്കേണ്ട ഒരു പദവിയാണെന്നതാണ് ലീഗ് പ്രവര്‍ത്തകരുടെ പൊതു വികാരം. മുന്‍പ് ഒരു മുതലാളിക്ക് ആ സ്ഥാനം നല്‍കിയപ്പോള്‍ പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്റെ പിതാവിനെ ഏറെ വിഷമിപ്പിച്ച ഒരു തീരുമാനം ആയിരുന്നു അത്. ഈ തീരുമാനം വേണ്ടായിരുന്നു എന്ന് പല പ്രാവശ്യം അദ്ധേഹം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകരുടെ ആവേശം കെടുത്തുന്ന തീരുമാനത്തിന്റെ തനിയാവര്‍ത്തനം ഇനി ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു. എന്റെ വന്ദ്യ പിതാവ് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ പൊരുത്തമില്ലാത്ത ഒരു തീരുമാനം ഇനി ഉണ്ടാവില്ല എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന നിര്‍വാഹക സമിതി യോഗം കോഴിക്കോട്ട് ചേരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മുനവ്വറലി തങ്ങള്‍ പരസ്യമായി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ലിഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, വ്യവസായിയും മുന്‍ എം പിയുമായ പി വി അബ്ദുല്‍ വഹാബ് എന്നിവരെയാണ് സീറ്റിന് പരിഗണിക്കുന്നത്.

Latest