വാഹന വായ്പയെടുത്തവര്‍ക്ക് ബേങ്കുകളുടെ ഭീഷണി

Posted on: April 3, 2015 10:56 am | Last updated: April 3, 2015 at 10:56 am

മലപ്പുറം: സഊദി അറേബ്യയിലെ നിതാഖാതിനെ തുടര്‍ന്ന് മടങ്ങിയെത്തിയവരെ സര്‍ക്കാര്‍ വഞ്ചിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയില്‍ വാഹന വായ്പ എടുത്തവരില്‍ പലരും ബേങ്കുകളുടെ ഭീഷണി നേരിടുകയാണ്. ജില്ലയില്‍ 31 പേര്‍ക്കാണ് വാഹനങ്ങള്‍ വാങ്ങി ഉപജീവനം നടത്തുന്നതിനായി വായ്പ ലഭിച്ചത്. മാസം 10.45 ശതമാനം പലിശയാണ് ഈടാക്കുന്നത്. കൂടിയ തിരിച്ചടവ്, ഒരു ദിവസം വൈകിയാല്‍ ബേങ്കിന്റെ കടുത്ത ഭീഷണിയും നേരിടേണ്ടി വരും. കൊണ്ടോട്ടി കനറാ ബേങ്ക് ശാഖയില്‍ നിന്ന് വാഹന വായ്പയെടുത്ത കിഴിശ്ശേരി സ്വദേശി ഹംസയെ ലോണ്‍ തിരിച്ചടവ് വൈകിപ്പിച്ചതിനാല്‍ വാഹനം ജപ്തി ചെയ്യുമെന്ന് രണ്ടു ദിവസം മുമ്പ് ബേങ്ക് അധികൃതര്‍ വീട്ടിലെത്തി അറിയിക്കുകയുണ്ടായി.
വായ്പയിലേക്ക് നല്‍കിയ ഗഡുക്കളില്‍ ഭൂരിഭാഗവും പലിശയിലേക്കാണ് ചേര്‍ത്തതെന്നും ഇദ്ദേഹം പറയുന്നു. പദ്ധതിയില്‍ ജില്ലയില്‍ ആദ്യമായി വാഹനം ലഭിച്ച കൊണ്ടോട്ടി സ്വദേശി അബ്ബാസ് ഭാര്യയുടെ താലിമാല പണയപ്പെടുത്തിയാണ് ലോണ്‍ തിരിച്ചടച്ചത്. ടാക്‌സി ഓട്ടം കുറഞ്ഞതോടെ തിരിച്ചടവിന് ഏറെ ബുദ്ധിമുട്ടുകയാണ് പലരും. പദ്ധതി പലിശ രഹിതമാക്കണമെന്നാണ് വായ്പ എടുത്തവരുടെ ആവശ്യം.
പദ്ധതിയില്‍ പതിനഞ്ച് ശതമാനം തുക സബ്‌സിഡിയാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ സബ്‌സിഡി തുക ബേങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് പദ്ധതി നടത്തിപ്പ് ചുമതലയുള്ള നോര്‍ക്ക അധികൃതര്‍ പറയുന്നത്. സബ്‌സിഡി തുക കിഴിച്ചുള്ള വായ്പക്ക് മാത്രമേ പലിശ നല്‍കേണ്ടതുളളൂവെങ്കിലും ബേങ്ക് അധികൃതര്‍ മുഴുവന്‍ വായ്പാ തുകക്കും ഉയര്‍ന്ന പലിശ ഈടാക്കുകയാണ്. കുറഞ്ഞ പലിശയും തിരിച്ചടവുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തില്‍ കുടുങ്ങിയാണ് എല്ലാവരും ലോണെടുത്തത്. പരമാവധി 20 ലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ധതിയില്‍ പത്ത് ശതമാനമാണ് സബ്‌സിഡി.
ഇതു തീരെ കുറവാണെന്ന ആക്ഷേപത്തെ തുടര്‍ന്ന് പിന്നീട് 15 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ പലിശ രഹിത വായ്പയെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല.
ഈടുകളൊന്നും നല്‍കാതെയാണ് വായ്പ നല്‍കുകയെന്നാണ് സര്‍ക്കാര്‍ പറഞ്ഞതെങ്കിലും ബേങ്കിന്റെ മിക്ക ശാഖകളും ഇത് പാലിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ഈടുകള്‍ വാങ്ങിക്കുന്നതിനൊപ്പം ചില രേഖകളില്‍ ഒപ്പിട്ടു വാങ്ങിച്ചതായും വായ്പ എടുത്തവര്‍ പറയുന്നു. കാര്‍ഷിക, വ്യവസായ മേഖല, മത്സ്യകൃഷി, ക്ഷീരോല്‍പാദനം, ഭക്ഷ്യ സംസ്‌കരണം, ഫാം ടൂറിസം, വ്യാപാരം, ടാക്സി സര്‍വീസുകള്‍ എന്നിവ തുടങ്ങുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതി വാഹന വായ്പയില്‍ മാത്രം ഒതുങ്ങുകയും ചെയ്തു.
മറ്റ് മേഖലകളില്‍ അപേക്ഷിച്ചവര്‍ക്കുള്ള വായ്പാ നടപടികളില്‍ ഇനിയും തീരുമാനമായിട്ടില്ല.