Connect with us

Malappuram

വര്‍ണ കാഴ്ചകളൊരുക്കി ബിയോണ്ട് ദി ഹ്യൂസ് ഓഫ് മലബാറിന് തുടക്കമായി

Published

|

Last Updated

മഞ്ചേരി: മലബാര്‍ ചരിത്രത്തിലേക്ക് പുതിയ വര്‍ണ കാഴ്ചകളൊരുക്കി ബിയോണ്ട്-ദി ഹ്യൂസ് ഓഫ് മലബാര്‍ മേള മഞ്ചേരിയില്‍ ആരംഭിച്ചു. കേരള ആര്‍ട് ആന്റ് ലിറ്ററേച്ചര്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ്, ലളിതകലാ അക്കാഡമി, മഞ്ചേരി നഗരസഭ എന്നിവയുടെ സഹകരണത്തോടെയാണ് ദ്വിദിന മേള നടക്കുന്നത്.
വൈവിധ്യമായ കോലങ്ങള്‍, കളങ്ങള്‍, നാടന്‍ കലകള്‍, കരകൗശല ടെറാക്കോട്ട ശില്‍പ്പ നിര്‍മാണം, ചിത്ര ശില്‍പ്പ പ്രദര്‍ശനങ്ങള്‍, തത്സമയ രചനാ ശില്‍പ്പങ്ങള്‍, ഇന്‍സ്റ്റലേഷന്‍, കാരിക്കേച്ചര്‍, പോര്‍ട്രയിറ്റ്‌സ് തുടങ്ങിയവയാണ് മേളയിലേ പ്രധാന ആകര്‍ഷണങ്ങള്‍. നൂറു രൂപ മുതല്‍ അര ലക്ഷം രൂപ വരെ വില വരുന്ന സൃഷ്ടികള്‍ സ്വന്തമാക്കുന്നതിനും മേളയില്‍ സൗകര്യമുണ്ട്. വിലമതിക്കാനാവാത്ത ശില്‍പ്പങ്ങള്‍ വേറെയും. മേള നടക്കുന്ന മഞ്ചേരി ചുള്ളക്കാട് സ്‌കൂളും പരിസരവും ഒരു ചിത്ര നഗരമായി പരിണമിച്ചിരിക്കുന്നു. സ്‌കൂളിന്റെയും സമീപത്തെ നഗരസഭ കാര്യാലയത്തിന്റെയും മതിലുകളില്‍ മഞ്ചേരിയിലെ മുപ്പതോളം കലാകാരന്മാര്‍ ചിത്രങ്ങള്‍ വരച്ചു. കൊച്ചി മുസിരിസ് ബിനാലെയെപ്പോലെ മഞ്ചേരിയെ കലാകാരന്മാരുടെ ആസ്ഥാന നഗരിയാക്കുമെന്ന് മേള ഉദ്ഘാടനം ചെയ്ത മന്ത്രി എം കെ മുനീര്‍ പറഞ്ഞു. കലാകാരന്മാര്‍ക്ക് പുതിയം ഊര്‍ജ്ജം പകരാന്‍ ഉതകുന്ന ആസ്ഥാനം പണിയാനാണ് ശ്രമിക്കുക. അതിനുള്ള വളക്കൂറൂള്ള മണ്ണാണ് മഞ്ചേരിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേദിയില്‍ സജ്ജമാക്കിയ കാന്‍വാസില്‍ വര്‍ണങ്ങളില്‍ ചാലിച്ച ചിത്രരചന നടത്തിയാണ് കലാകാരന്‍ കൂടിയായ മന്ത്രി മേള ഉദ്ഘാടനം ചെയ്തത്.
മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ. ടി എം രഘുറാം മുരളികയൂതി പ്രാര്‍ഥനാ ഗാനമാലപിച്ചു. അഡ്വ. എം ഉമ്മര്‍ എം എല്‍ എ, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സബാഹ് പുല്‍പ്പറ്റ, അപ്പോളോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഒ എം എ റശീദ് ഹാജി, അഡ്വ. ടി പി രാമചന്ദ്രന്‍, കാനേഡിയന്‍ കലാകാരികളായ താര ഗില്‍ക്രിസ്റ്റ്, കാറ്റലിന്‍ ഹട്ട്, മേള ഡയറക്ടര്‍ സതീഷ് ചളിപ്പാടം പ്രസംഗിച്ചു. പഴയ തലമുറയിലെ ചിത്രകാരനായ കേശവന്‍ നമ്പൂതിരിയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

Latest