Connect with us

Palakkad

അനങ്ങന്‍മല ഇക്കോ ടൂറിസം പദ്ധതി ഇനിയും പൂര്‍ത്തിയായില്ല

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: അനങ്ങന്‍മല ഇക്കോടൂറിസം പദ്ധതിയുടെ ബാക്കിവച്ച ആദ്യഘട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനായില്ല. നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്കു സുപരിചിതമായ കിഴൂര്‍ റോഡ് പണിക്കര്‍ക്കുന്ന് കേന്ദ്രമായാണ് അനങ്ങന്‍മല ഇക്കോടൂറിസം പദ്ധതി 2011ല്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്.

2010 മേയ് 11ന് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നാംഘട്ടം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ജനവരിയില്‍ കിഴൂര്‍ പണിക്കര്‍ക്കുന്നിലെ ഇക്കോടൂറിസം കേന്ദ്രം സന്ദര്‍ശിച്ച കെ എസ് സലീഖ എംഎല്‍എ പദ്ധതിയുടെ ആദ്യഘട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്നും ഇതിനായി 44 ലക്ഷം രൂപ ടൂറിസം വകുപ്പില്‍ നിന്ന് അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാര്‍ച്ച് മാസം കഴിയാറായിട്ടും പ്രവൃത്തികള്‍ തുടങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഒരു കോടി നാലു ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ഒന്നാംഘട്ടത്തില്‍ വിഭാവനം ചെയ്തത്. ഇതില്‍ 60 ലക്ഷം രൂപ ചെലവിട്ട് പൂര്‍ത്തീകരിച്ച മലയിലേക്കുള്ള കൈവരികള്‍ വീണ്ടും അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ട്.
വെള്ളച്ചാട്ടത്തിനടുത്തെത്താനുള്ള പാലത്തിന്റെ പെയിന്റിങ് ഇപ്പോള്‍ തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലുമാണ്. പണിക്കര്‍കുന്ന് വെള്ളച്ചാട്ടത്തിനടുത്ത് പദ്ധതി പ്രദേശത്തേക്കുള്ള പ്രവേശനകവാടം, കുളിക്കടവുകള്‍, ഇരിപ്പിടങ്ങള്‍, മലയ്ക്കു മുകളില്‍ താമസിക്കാന്‍ കുടിലുകള്‍, സോളാര്‍ ലൈറ്റുകള്‍, ചെക്ക്ഡാമുകള്‍ എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കാനുള്ള 44 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അതേ സമയം ഇക്കോടൂറിസം വകുപ്പുമായി നിര്‍മിതികേന്ദ്ര നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാറില്‍ ഈയിടെ ഒപ്പുവച്ചു. വനംവകുപ്പില്‍ നിന്ന് ഫണ്ട് അഡ്വാന്‍സായി ലഭിക്കുന്ന മുറക്ക് പ്രവൃത്തികള്‍ തുടങ്ങുമെന്ന് കെ എസ് സലീഖ എംഎല്‍എ അറിയിച്ചു.

---- facebook comment plugin here -----

Latest