Kerala
ഉമ്മന്‍ചാണ്ടി മന്ത്രിസഭ രാജിവെച്ച് ജനവിധി തേടണം: കാനം രാജേന്ദ്രന്‍

കോഴിക്കോട്: കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിസഭയില്‍ പരസ്പരം വിശ്വാസമില്ലാത്ത അവസ്ഥയാണ്. നിയമമന്ത്രിയും ആഭ്യന്തരമന്ത്രിയും പരസ്പരം ചോദ്യം ചെയ്യുന്നു. ചിലര്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നു. ബാര്‍കോഴ ആരോപണത്തിന്റെ ഗൂഡാലോചനക്ക് പിന്നിലുളള കിംഗ് പിന്‍ ആരാണെന്ന് ധനമന്ത്രി കെ എം മാണി വ്യക്തമാക്കണം. മാണിയറിക്കാമെന്നാണ് പറഞ്ഞത്. പിന്നെ എന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും കാനം ചോദിച്ചു. കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍കോഴ കേസില്‍ ബോധപൂര്‍വ്വം കേസ് തോല്‍പ്പിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ ശ്രമിച്ചുവെന്ന പ്രതാപന്‍ എം എല്‍ എയുടെ ആരോപണം ചെറുതല്ല. എന്നിട്ടും കോടതി വിധിയോടെ മദ്യനയത്തില്‍ തങ്ങള്‍ ജയിച്ചുവെന്ന് സര്‍ക്കാര്‍ പറയുന്നത് പരിഹാസ്യമാണ്. പി സി ജോര്‍ജിന്റെ കേരള കോണ്‍ഗ്രസ് സെക്യുലറിനെ എല്‍ ഡി എഫിലെടുക്കുമോയെന്ന ചോദ്യത്തോട് കേരളത്തിന്റെ രാഷ്ട്രീയം പ്രവചിക്കാന്‍ പറ്റില്ല. എല്ലാം കാത്തിരുന്ന് കാണാമെന്ന് കാനം മറുപടി നല്‍കി. ജനതാദളുമായി എല്‍ ഡി എഫ് ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ എല്‍ ഡി എഫിലുണ്ടാകുമോയെന്ന ചോദ്യത്തോട് തിരഞ്ഞെടുപ്പിന് മുമ്പ് മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് കാനം വ്യക്തമാക്കി. മീറ്റ് ദ പ്രസ്സില്‍ ബിനോയി വിശ്വം പങ്കെടുത്തു.