Connect with us

Editorial

ഹാശിംപുര: പുനരന്വേഷണം വേണം

Published

|

Last Updated

ഹാശിംപുര കൂട്ടക്കരുതി കേസിലെ കുറ്റാരോപിതരെ വീണ്ടും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഉത്തര്‍ പ്രദേശ് ന്യൂനപക്ഷ കമ്മീഷന്‍. ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്നും കേസിന്റെ പ്രാരംഭഘട്ടം മുതലുള്ള സംഭവങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കുമെന്ന് കമ്മീഷന്‍ വക്താവ് ശാഫി ആസ്മി വ്യക്തമാക്കി. കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരെ വിട്ടയച്ച ഡല്‍ഹി കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കമ്മീഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കയാണ്. ഇരകളുടെ ബന്ധുക്കളും മനുഷ്യാവകാശ സംഘടനകളും ഇതിനായി രംഗത്തു വന്നിട്ടുണ്ട്.
1987ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ബാബ്‌രി മസ്ജിദ് തുറക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് മീററ്റില്‍ അരങ്ങേറിയ കലാപത്തോടനുബന്ധിച്ചാണ് മനസ്സാക്ഷിയെ നടുക്കിയ ഈ കൂട്ടക്കൊല നടന്നത്. 1987 മെയ് 22ന് ഹാശിംപുരയില്‍നിന്നുള്ള 50 മുസ്‌ലിം യുവാക്കളെ യു പി പോലീസ് ബലംപ്രയോഗിച്ചു അറസ്റ്റ് ചെയ്തു. റമസാനിലെ വെള്ളിയാഴ്ചയായിരുന്നു ഇത്. കലാപവുമായി ഒരു ബന്ധവുമില്ലാത്ത ഇവരെ സ്‌റ്റേഷനില്‍ ഹാജരാക്കുന്നതിനു പകരം ഹാശിംപുരയില്‍ നിന്ന് ഒരു വാഹനത്തില്‍ കയറ്റി ഘാസിയാബാദിനടുന്ന മുറാദ് നഗറിലെ അപ്പര്‍ ഗംഗ കനാലിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ചു വെടിവെച്ചുകൊന്ന് കനാലിലെറിയുകയുമായിരുന്നു. ശേഷിച്ചവരെ ഒരു ട്രക്കില്‍ ഡല്‍ഹി അതിര്‍ത്തിയിലെ മകാന്‍പൂരിലെ ഹിന്റണ്‍ കനാലിന്റെ സമീപത്ത് കൊണ്ടുവന്നും കൊന്നൊടുക്കി. മരിച്ചപോലെ കിടന്ന അഞ്ച് പേര്‍ ജീവനോടെ രക്ഷപ്പെട്ടു. ഇവരില്‍ നിന്നാണ് കമാന്‍ഡര്‍ സുറീന്ദര്‍ പാല്‍ സിംഗിന്റെ നേതൃത്വത്തില്‍ പി എ സി(പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി) നടത്തിയ ക്രൂരതയുടെ കഥ ചിത്രം പുറംലോകം അറിയുന്നത്.
നിയമപാലകരുടെ ഈ പൈശാചികതക്കെതിരെ കടുത്ത പ്രതിഷേധമുയരുകയും കുറ്റവാളികളെ ശിക്ഷിക്കണമെന്ന് വ്യാപകമായി മുറവിളി ഉയരുകയും ചെയ്തിട്ടും അവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സംഭവത്തെക്കുറിച്ചു അന്വേഷിക്കാന്‍ നിയോഗിച്ച ഗ്യാന്‍ പ്രകാശ് കമ്മീഷന്‍ ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം 1994ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. പിന്നെയും ഒരു വര്‍ഷത്തിനു ശേഷം മാധ്യമങ്ങളാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നിട്ടും കുറ്റവാളികളായ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം നല്‍കാതെ സര്‍ക്കാര്‍ കേസ് പിന്നെയും നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ മുസ്‌ലിം സംഘടനകളുടെ പ്രക്ഷോഭത്തയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലിനെയും തുടര്‍ന്ന് മുലായംസിംഗ് സര്‍ക്കാറാണ് പ്രോസിക്യട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അഭിഭാഷകനെ നിയമിക്കുന്നത് 15 വര്‍ഷങ്ങള്‍ക്കു ശേഷം1992ലാണ്. ഘാസിയാബാദ് കോടതിയില്‍ കേസ് വെറുതെ നീണ്ടുപോയപ്പോള്‍ 2002ല്‍ കേസ് ഡല്‍ഹി കോടതിക്ക് കൈമാറി. വെടിയുതിര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിയാനാകുന്നില്ലെന്ന ന്യായത്തില്‍ സംഭവം കഴിഞ്ഞു 28 വര്‍ഷങ്ങള്‍ക്കു ശേഷം കോടതി കുറ്റാരോപിതരെ നിരുപാധികം വിട്ടയക്കുക കൂടി ചെയ്തപ്പോള്‍ നമ്മുട നീതിന്യായ വ്യവസ്ഥക്ക് അത് തീരാകളങ്കമായി മാറുകയും ചെയ്തു.
മേശപ്പുറത്തെത്തുന്ന തെളിവുകളെ ആധാരമാക്കിയാണ് ന്യായാധിപര്‍ വിധി പ്രസ്താവിക്കുന്നത്. പ്രോസിക്യൂഷന്‍ മതിയായ തെളിവുകള്‍ ഹാജരാക്കിയെങ്കില്‍ മാത്രമേ കോടതിക്കു സത്യം ബോധ്യപ്പെടുകയുള്ളു. ഹാശിംപുര സംഭവത്തില്‍ തുടക്കം മുതലേ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച അധികൃതര്‍ അവര്‍ക്കെതിരായ തെളിവുകള്‍ നശിപ്പിക്കുകയോ തമസ്‌കരിക്കുകയോ ചെയ്തതു മൂലമാണ് പ്രതികള്‍ വിട്ടയക്കപ്പെടാന്‍ ഇടയായതെന്നാണ് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നത്. സംഭവം നടക്കുമ്പോള്‍ പി എ സി ബറ്റാലിയന്റെ തലവനായിരുന്ന ആര്‍ എന്‍ ത്രിപാഠിക്കു പ്രമോഷന്‍ നല്‍കി സര്‍ക്കാര്‍ നീതിക്കു നേരെ കൊഞ്ഞനം കുത്തുകയും ചെയ്തു. െ്രെകംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കൂട്ടക്കൊലക്കുത്തരവാദികളായി പി എ സിയിലെയും പോലിസിലെയും ഉന്നത റാങ്കിലുള്ളവരടക്കം 60 ഉദ്യോഗസ്ഥരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും താഴെ റാങ്കിലുള്ള 19 പേരെ മാത്രമാണു സര്‍ക്കാര്‍ പ്രതിപ്പട്ടികയില്‍ ചേര്‍ത്തതെന്നതും ശ്രദ്ധേയമാണ്. മൂന്ന് പതിറ്റാണ്ടോളം നീണ്ട നിമയനടപടികള്‍ക്കിടെ ഇവരില്‍ മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു.
ക്രൂരതക്കും വര്‍ഗീയതക്കും മുസ്‌ലിംവിദ്വേഷത്തിനും കുപ്രസിദ്ധമാണ് ഉത്തര്‍ പ്രദേശിലെ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി. മീറത്തിലുള്‍പ്പെടെ യു പിയില്‍ അരങ്ങേറിയ മിക്ക കലാപങ്ങളിലും അവര്‍ കലാപകാരികള്‍ക്കൊപ്പം ചേര്‍ന്നു മുസ്‌ലിംകളെ കൂട്ടക്കശാപ്പ് നടത്തുന്നതില്‍ സായൂജ്യം കണ്ടെത്തിയിരുന്നുവെന്ന് കലാപങ്ങളെക്കുറിച്ച് അന്വേഷിച്ച കമ്മീഷനുകളും മനുഷ്യാവകാശ സംഘടനകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഹാശിംപുര കൂട്ടക്കൊലയില്‍ പി എ സിക്കുള്ള പങ്കിനെക്കുറിച്ചു സംഭവസമയത്ത് ഘാസിയാബാദ് പൊലീസ് സൂപ്രണ്ടായിരുന്ന വിഭൂതി നാരായണ്‍ റായി പില്‍ക്കാലത്ത് തുറന്നുസമ്മതിച്ചതുമാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പവിത്രതയും നിഷ്പക്ഷതയും സംരക്ഷിക്കപ്പെടണമെങ്കില്‍ ഈ കേസിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. കോടതി നിരീക്ഷിച്ചതുപോലെ കുറ്റവിമുക്തരായ 16 ഉദ്യോഗസ്ഥരല്ല ഈ കൃത്യം ചെയ്തതെങ്കില്‍ തന്നെ, അത് ചെയ്തവരാണെന്ന് കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാറിനില്ലേ? യു പി ന്യൂനപക്ഷ കമ്മീഷനും ഇരകളുടെ ബന്ധുക്കളും ആവശ്യപ്പെടുന്നത് പോലെ കേസില്‍ സമഗ്രവും നിഷ്പക്ഷവുമായ പുനഃരന്വേഷണം ആവശ്യമാണ്.