ഐ എ എസ് ട്രെയിനിംഗ് അക്കാദമിയില്‍ യുവതി കയറിക്കൂടിയത് വ്യാജ ഐ ഡി കാര്‍ഡ് ഉപയോഗിച്ച്‌

Posted on: April 3, 2015 5:35 am | Last updated: April 2, 2015 at 11:36 pm

ന്യൂഡല്‍ഹി/മുസ്സോറി: മുസ്സോറിയിലെ പ്രശസ്തമായ ലാല്‍ ബഹദൂര്‍ ശാസ്ത്രി അഡ്മിനിസ്‌ട്രേറ്റീവ് അക്കാദമിയില്‍ ഐ എ എസ് ട്രെയിനിയായി നടിച്ച് ആറ് മാസത്തിലേറെ താമസിച്ച തനിക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ച് തന്നത് അക്കാദമിയിലെ ഒരു ഉദ്യോഗസ്ഥനാണെന്ന് വെളിപ്പെടുത്തല്‍. അക്കാദമിയില്‍ താമസ സൗകര്യം സംഘടിപ്പിക്കാന്‍ അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായ സൗരഭ് ജയിന്‍ സഹായിച്ചതായും യുവതി പറയുന്നു. ഇന്‍സ്റ്റിറ്റിയൂട്ടില്‍ ലൈബ്രറേനിയനായി ജോലി സംഘടിപ്പിക്കാന്‍ താന്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി നല്‍കിയതായും യുവതി പറഞ്ഞു.
റൂബി ചൗധരി എന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി ഐ എ എസ് ട്രെയിനി എന്ന നിലയില്‍ മറ്റുള്ളവരെയെല്ലാം കബളിപ്പിക്കുകയായിരുന്നു. നടന്ന സംഭവങ്ങളൊന്നും പുറത്ത് പറയാതിരുന്നാല്‍ അഞ്ച് കോടി രൂപ കൈക്കൂലി നല്‍കാമെന്ന് ഒരാള്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും റൂബി വെളിപ്പെടുത്തി.
കനത്ത സുരക്ഷാ സന്നാഹങ്ങളുള്ള അക്കാദമിയില്‍ എല്ലാവരേയും കബളിപ്പിച്ച് ആറുമാസത്തോളം കഴിയാന്‍ സൗകര്യമുണ്ടാക്കിത്തന്ന ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20നാണ് റൂബി അക്കാദമിയിലെത്തിയത്. മാര്‍ച്ച് 27ന് ആര്‍ക്കും സംശയത്തിന് ഇട നല്‍കാതെ അവര്‍ സ്ഥലം വിടുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയാണ് ഈ യുവതി.
അക്കദമിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ സത്യവീര്‍ സിംഗ് പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് ഈ തട്ടിപ്പ് പുറത്ത് അറിഞ്ഞത്. മുസ്സോറി പോലീസ് ഇന്‍സ്‌പെക്ടര്‍ ചന്ദന്‍ സിംഗ് ബിസ്ത് ആണ് കേസന്വേഷിക്കുന്നത്. കനത്ത സുരക്ഷാ സംവിധാനങ്ങളും സന്നാഹങ്ങളുമുള്ള അക്കദമിയില്‍ നുഴഞ്ഞുകയറാന്‍ എങ്ങനെ യുവതിക്ക് കഴിഞ്ഞു എന്ന ചോദ്യം പോലീസിനേയും അധികൃതരേയും കുഴക്കുന്നുണ്ട്. അക്കാദമിയില്‍ റൂബി താമസിച്ചിരുന്ന മുറിയില്‍ നിന്നും പോലീസ് കണ്ടെടുത്ത രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. യുവതി ചാരവൃത്തിയിലായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.