Connect with us

Gulf

ഡ്രൈവര്‍മാരുടെ ഡ്യൂട്ടി സമയം പരിഷ്‌കരിക്കാന്‍ ആര്‍ടിഐ ഒരുങ്ങുന്നു

Published

|

Last Updated

ദുബൈ: ഡ്രൈവര്‍മാരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്യൂട്ടി സമയം പരിഷ്‌ക്കരിക്കാന്‍ ആര്‍ ടി എ ഒരുങ്ങുന്നു. നിലവില്‍ ആഴ്ചയില്‍ ഏഴു ദിവസവും 12 മണിക്കൂര്‍ വീതമാണ് ടാക്‌സി ഡ്രൈവര്‍മാര്‍ ആര്‍ ടി എക്ക് കീഴില്‍ വിവിധ കമ്പനികളിലായി ജോലി ചെയ്യുന്നത്. ഇവരില്‍ പലതും 10 മാസം തുടര്‍ച്ചയായി ഇതേ രീതിയില്‍ ജോലി ചെയ്യേണ്ടുന്ന സ്ഥിതിയാണുള്ളത്.
യു എ ഇ തൊഴില്‍ നിയമ പ്രകാരം തൊഴിലാളികള്‍ക്ക് പരമാവധി എട്ടുമണിക്കൂര്‍ മാത്രമാണ് ജോലി ചെയ്യേണ്ടത്.
ആഴ്ചയില്‍ ഒരു ദിവസം ഇവര്‍ക്ക് വിശ്രമിക്കാന്‍ അവധിയും നല്‍കണം. കൂടുതലായി ജോലി ചെയ്യിക്കുന്ന ഒരോ മണിക്കൂറിനും ഓവര്‍ടൈമിനൊപ്പം അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം പുറമെയും നല്‍കണമെന്നാണ്.
അതേ സമയം, തങ്ങള്‍ക്ക് ശമ്പളമില്ലെന്നും ഓടുന്നതിന് അനുസരിച്ച് കമ്മീഷന്‍ മാത്രമാണെന്നും ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാരില്‍ ചിലര്‍ വ്യക്തമാക്കി. കൂടുതല്‍ എടുക്കുന്ന ജോലിക്ക് ഓവര്‍ ടൈം നിലവിലുണ്ടെന്ന് ദുബൈ ടാക്‌സി കോര്‍പറേഷനില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശിയായ 32 കാരന്‍ വെളിപ്പെടുത്തി. പുലര്‍ച്ചെ നാലിനാണ് എന്റെ ജോലി ആരംഭിക്കുന്നത്. വൈകുന്നേരം നാലുവരെ 12 മണിക്കൂര്‍ ജോലി ചെയ്യണം. കമ്പനി ഡ്രൈവര്‍മാര്‍ക്കായി മറ്റ് യാതൊരു സഹായവും നല്‍കുന്നില്ല. 500 ദിര്‍ഹത്തിന് ഓടിയാല്‍ 100 ദിര്‍ഹത്തോളം പെട്രോളും മറ്റു ചെലവുകളുമായി വേണ്ടിവരും. ബാക്കിവരുന്ന 400 ദിര്‍ഹത്തിന്റെ 35 ശതമാനമാണ് ഡ്രൈവര്‍ക്ക് ലഭിക്കുക.
ഡ്രൈവര്‍മാരുടെ തൊഴില്‍ സാഹചര്യത്തെക്കുറിച്ച് ആര്‍ ടി എ പഠനം നടത്തിക്കൊണ്ടിരിക്കയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. യൂസുഫ് അല്‍ അലി വ്യക്തമാക്കി. ഡ്രൈവര്‍മാരുടെ ജോലി ഭാരം കുറക്കാന്‍ ഉതകുന്ന കാര്യങ്ങളെക്കുറിച്ച് ആര്‍ ടി എ ഗൗരവമായി ആലോചിക്കുകയാണ്.
ദുബൈ ടാക്‌സി, കാര്‍ഡ് ടാക്‌സി, മെട്രോ ടാക്‌സി, നാഷനല്‍ ടാക്‌സി തുടങ്ങിയ ദുബൈയില്‍ സര്‍വീസ് നടത്തുന്ന കമ്പനികളുമായി ആലോചിച്ച് അവര്‍ക്ക് കൂടി നഷ്ടംവരാത്തതും ഡ്രൈവര്‍മാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതുമായ കാര്യങ്ങളാവും ആര്‍ ടി എ പരിഗണിക്കുക.
മറ്റു പലരെയും പോലെ ബംഗ്ലാദേശില്‍ നിന്നുള്ള ടാക്‌സി ഡ്രൈവേഴ്‌സും ആഴ്ചയില്‍ രണ്ട് ദിവസം ഓഫ് വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദുബൈയിലെ തിരക്കുപിടിച്ച റോഡുകളില്‍ വാഹനം ഓടിക്കുമ്പോള്‍ മനസ് ശാന്തമാവാന്‍ ഇത്തരം സംവിധാനം ആവിഷ്‌കരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അവധി ലഭിച്ചാല്‍ മാനസികവും ശാരീരികവുമായ ക്ഷമത വീണ്ടെടുത്തു കൂടുതല്‍ ശ്രദ്ധയോടെ വാഹനം ഓടിക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ പക്ഷം.
മാനസികമായും ശാരീരികമായും ഉണര്‍വ് ലഭിക്കാന്‍ പതിവായി ജിമ്മില്‍ പോകുന്നതായി മറ്റൊരു ഡ്രൈവര്‍ വ്യക്തമാക്കി. ഒരു മാസം ജോലി ചെയ്താല്‍ പരമാവധി 3,500 ദിര്‍ഹമാണ് ലഭിക്കുകയെന്ന് പാക്കിസ്ഥാന്‍ സ്വദേശിയായ ഡ്രൈവര്‍ വ്യക്തമാക്കി. ഇതില്‍ നിന്നും ലൈസന്‍സിനായി ചെലവായ ഭാരിച്ച തുക തിരിച്ചു കൊടുക്കണമെന്നും 26 കാരനായ ഈ ഡ്രൈവര്‍ പറഞ്ഞു.

Latest