Connect with us

Malappuram

ജില്ലയില്‍ ടെറ്റനസ് രോഗം വീണ്ടും

Published

|

Last Updated

കാളികാവ്: ടെറ്റനസ് രോഗം ബാധിച്ച കുട്ടിയെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കരുവാരകുണ്ട് പഞ്ചായത്തിലെ അരിമണല്‍ കൂനമാവിലെ മുതുകോടന്‍ മുഹമ്മദിന്റെ മകന്‍ ഫര്‍ഹാന്‍ (16) എന്ന കുട്ടിക്കാണ് ടെറ്റനസ് രോഗം ബാധിച്ചത്. നേരത്തേ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് കുട്ടി ചികില്‍സയിലുള്ളത്. ഫര്‍ഹാന് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. അടുത്തിടെയാണ് ജില്ലയില്‍ ഡിഫ്ത്തീരിയ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കുതിര സന്നി എന്നു വിളിക്കുന്ന ടെറ്റനസിനെതിരായി കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കാറുണ്ട്. ഗര്‍ഭിണികളിലും ഈ കുത്തിവെപ്പ് നടത്താറുണ്ട്. പ്രതിരോധ കുത്തിവെപ്പ് എടുത്താല്‍ രോഗം പൂര്‍ണമായി തടയാം എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. കുത്തിവെപ്പുകൊണ്ട് പൂര്‍ണമായും തടയാന്‍ കഴിയുന്ന ടെറ്റനസ് പോലെയുള്ള രോഗങ്ങള്‍ തിരിച്ചു വരുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. ആരോഗ്യ രംഗത്ത് ഭീഷണിയായി കൊണ്ടിരിക്കുന്ന രോഗങ്ങളെ നിയന്ത്രിക്കാന്‍ ഏപ്രില്‍ ഏഴ് മുതല്‍ 17 വരെ നീണ്ടു നില്‍ക്കുന്ന രോഗപ്രതിരോധ കുത്തിവെപ്പും ബോധവത്കരണവും നടത്താന്‍ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനമെടുത്തു. ടെറ്റനസ് രോഗബാധ ഉണ്ടായ പ്രദേശം ആരോഗ്യവകുപ്പധികൃതര്‍ സന്ദര്‍ശിച്ചു.