ഭൂമിയേറ്റെടുക്കല്‍ ബില്‍: മോദിക്ക് ഹസാരെയുടെ കത്ത്‌

Posted on: April 2, 2015 5:30 am | Last updated: April 2, 2015 at 12:36 am

പൂനെ: ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്‍ ഓര്‍ഡിനന്‍സായി ഇറക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അന്നാ ഹസാരെയുടെ കത്ത്. ഭേദഗതി ബില്ലില്‍ താന്‍ സംവാദത്തിന് തയ്യാറാണെന്നും ഹസാരെ അറിയിച്ചു.
നിലവിലെ ഓര്‍ഡിനന്‍സില്‍ അതിയായ ആശങ്ക പ്രകടിപ്പിച്ച ഹസാരെ, കര്‍ഷക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചു. കഴിഞ്ഞ ഡിസംബര്‍ 31ന് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന്റെ കാലാവധി ഏപ്രില്‍ അഞ്ചിന് അവസാനിക്കുന്നതിനാല്‍ കാലാവധി നീട്ടാനാണ് കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതി. ഓര്‍ഡിനന്‍സില്‍ കര്‍ഷകര്‍ക്കിടയില്‍ വലിയ അതൃപ്തിയും പ്രതിഷേധവും ഉണ്ടെന്ന് ഹസാരെ ചൂണ്ടിക്കാട്ടി. ഭൂമി തരംതിരിക്കല്‍ അനിവാര്യമാണ്. ഒന്ന് മുതല്‍ ആറ് വരെ എന്ന രീതിയില്‍ ഭൂമിയുടെ ഗുണനിലവാരം വേര്‍തിരിക്കേണ്ടതുണ്ട്. മൂന്നാം ഗ്രേഡ് വരെയുള്ള കൃഷിക്ക് അനുയോജ്യമായ ഭൂമി ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കണം. കര്‍ഷകരുടെ അനുമതിയും സാമൂഹികാഘാത നിര്‍ണയവും ഒഴിവാക്കിയത് വലിയ തിരിച്ചടിയാണ്. കോര്‍പറേറ്റ്, വ്യവസായിക ഭീമന്‍മാര്‍ക്ക് ഭൂമി ലഭിക്കുന്നതിന് വേണ്ടിയുള്ള വകുപ്പുകളാണ് ഓര്‍ഡിനന്‍സിലുള്ളത്. പ്രാദേശിക കൂട്ടങ്ങളെയും പഞ്ചായത്തുകളെയും വിശ്വാസത്തിലെടുത്ത് വികസനം നടത്തണമെന്ന ഗാന്ധിയന്‍ തത്വങ്ങളാണ് അവലംബിക്കേണ്ടതെന്നും മോദിക്ക് അയച്ച കത്തില്‍ ഹസാരെ പറഞ്ഞു.
യു പി എ സര്‍ക്കാര്‍ 2013ല്‍ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വകുപ്പുകളില്‍ മാറ്റം വരുത്തരുത്. ദേശീയ സുരക്ഷ, പ്രതിരോധം, ഗ്രാമവികസനം, വ്യവസായിക ഇടനാഴി, ദരിദ്രര്‍ക്ക് വീട് തുടങ്ങിയ അഞ്ച് ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 80 ശതമാനം ഉടമസ്ഥരുടെ സമ്മതം വേണമെന്നതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വര്‍ഷം തോറും രണ്ടും മൂന്നും വിള വര്‍ധനവുണ്ടാകുന്ന ഭൂമി ഏറ്റെടുക്കരുതെന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥന്റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ഹസാരെ അറിയിച്ചു.