കന്യാസ്ത്രീ മഠങ്ങളിലെ പീഡനങ്ങളില്‍ സഭക്കെതിരെ പോരാട്ടത്തിനൊരുങ്ങിയ സിസ്റ്ററെ വന്‍തുക നല്‍കി നിശബ്ദയാക്കി

Posted on: April 2, 2015 12:14 am | Last updated: April 2, 2015 at 12:14 am

catholic-nunകൊച്ചി: കന്യാസ്ത്രീ മഠങ്ങളില്‍ നടക്കുന്ന അവിഹിതങ്ങളും പീഡനങ്ങളും ചോദ്യം ചെയ്ത് സഭക്കെതിരെ പോരാട്ടത്തിനൊരുങ്ങിയ യുവ സിസ്റ്ററെ വന്‍തുക നഷ്ടപരിഹാരം നല്‍കി സഭാ നേതൃത്വം നിശബ്ദയാക്കി. സഭയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ആലുവ ജനസേവ ശിശുഭവനില്‍ അഭയം തേടിയ സിസ്റ്റര്‍ മാധ്യമങ്ങളോട് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വിവരിക്കുകയും സഭക്കെതിരെ നിരാഹാരം ഉള്‍പ്പെടെയുള്ള സമരമുറകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയതതിനെ തുടര്‍ന്നാണ് നാണക്കേട് തീര്‍ക്കാന്‍ കത്തോലിക്കാ സഭാ നേതൃത്വം ഇടപെട്ടത്. ആലുവ തോട്ടയ്ക്കാട്ടുകര സ്‌നേഹപുരം പള്ളിയില്‍ ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ പ്രശ്‌നം രമ്യമായി പരിഹരിച്ചതായി ജനസേവ വൃത്തങ്ങള്‍ അറിയിച്ചു. ഇതുപ്രകാരം പരാതിക്കാരിക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. . നിബന്ധനപ്രകാരം സഭാവസ്ത്രം തിരിച്ചുകൊടുക്കാനും, സാധാരണ ജീവിതത്തിലേക്ക് തിരികെപോകാനും പരാതിക്കാരിയായ കന്യാസ്ത്രീ സമ്മതിച്ചു. 12 വര്‍ഷമായി കന്യാസത്രീയായി സേവനമനുഷ്ഠിക്കുന്ന കണ്ണൂര്‍ സ്വദേശിനിയായ സിസ്റ്റര്‍ കണ്ണൂരിലെ ഒരു മഠത്തില്‍ ഒരു സിസ്റ്ററും ഡ്രൈവറുമായുള്ള അവിഹിത ബന്ധത്തിനതിരെ രംഗത്ത് വന്നതോടയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വിവരങ്ങള്‍ പുറത്തു പറഞ്ഞാല്‍ സിസ്റ്റര്‍ അഭയയുടെ അനുഭവമുണ്ടാകുമെന്നുമായിരുന്നു അന്ന് സഭാ വൃത്തങ്ങളുടെ പ്രതികരിച്ചത്.
പിന്നീട് മധ്യപ്രദേശിലെ പാചോര്‍ എന്ന സ്ഥലത്തെ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുമ്പോള്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായിരുന്ന അഛന്‍ തന്നെ കടന്നുപിടിക്കുകയും ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഇതിനെ ചെറുത്തപ്പോള്‍ അച്ചന്‍ പകരം വീട്ടിയത് മദര്‍ സുപ്പീരിയറോട് സിസ്റ്റര്‍ അദ്ദേഹത്തെ ശല്യം ചെയ്തുവെന്ന് പരാതിപ്പെട്ടുകൊണ്ടാണ്. ഇതിനെ തുടര്‍ന്ന് സിസ്റ്ററെ ഇറ്റലിയിലേക്ക് നാടു കടത്തി. അവിടെ പീഡനങ്ങളുടെ പരമ്പരയാണ് കാത്തിരുന്നത്. ഇതേ തുടര്‍ന്നാണ് സിസ്റ്റര്‍ സഭക്കതിരെ രംഗത്ത് വന്നത്.