ഫലസ്തീന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഔദ്യോഗിക അംഗമായി

Posted on: April 2, 2015 5:09 am | Last updated: April 2, 2015 at 12:10 am

ഹേഗ്: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഫലസ്തീന്‍ ഔദ്യോഗികമായി അംഗമായി. സമാധാന നടപടികള്‍ തടസപ്പെട്ട സാഹചര്യത്തില്‍ ഇസ്‌റാഈലിനെതിരെ യുദ്ധക്കുറ്റത്തിന് പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് തുടക്കമിടാന്‍ ഫലസ്തീന് ഇത് സഹായകമാവും. ഹേഗിലെ ഐ സി സി ആസ്ഥാനത്ത് അടച്ചിട്ട മുറിയിലാണ് അംഗത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടന്നത്.
അന്താരാഷ്ട്ര കോടതി നിയമപ്രകാരം 90 ദിവസത്തിന് ശേഷമാണ് ഫലസ്തീന്‍ അംഗത്വം നേടുന്നത്. നേരത്തെ കോടതിയില്‍ അംഗമാകാനുള്ള ഫലസ്തീനിന്റെ നീക്കങ്ങളെ ഇസ്‌റാഈല്‍ ശക്തമായി എതിര്‍ത്തിരുന്നു. എങ്കിലും എതിര്‍പ്പുകളെ അവഗണിച്ച് ഫലസ്തീന്‍ മുന്നോട്ടുപോകുകയായിരുന്നു. ഗാസ യുദ്ധക്കുറ്റത്തിന്റെ പേരില്‍ ഇസ്‌റാഈലിനെ അന്താരാഷ്ട്ര കോടതിയില്‍ കയറ്റുമെന്ന് ഫലസ്തീന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.