വടക്കന്‍ തീക്‌രീതില്‍ ഇസില്‍ വിരുദ്ധ യുദ്ധം തുടരുന്നു

Posted on: April 2, 2015 5:08 am | Last updated: April 2, 2015 at 12:08 am

ബഗ്ദാദ്: ഇറാഖ് സൈന്യവും അര്‍ധസൈനിക പോരാളികളും ചേര്‍ന്ന് വടക്കന്‍ തിക്‌രീതില്‍ വെച്ച് തീവ്രവാദികള്‍ക്കെതിരെ ഇന്നലെ പോരാട്ടം ശക്തമാക്കി. നഗരത്തില്‍നിന്നും തീവ്രവാദ സംഘങ്ങളെ പുറംതള്ളിയതായി സര്‍ക്കാര്‍ സൈന്യം സൂചന നല്‍കി. തീവ്രവാദികളുടെ ശക്തികേന്ദ്രമായ തിക്‌രീതില്‍നിന്നും അവസാനത്തെ തീവ്രവാദിയേയും പുറംതള്ളാനായി സുരക്ഷാ സൈന്യം പോരാട്ടം നടത്തുകയാണെന്ന് ഇറാഖ് ആഭ്യന്തര മന്ത്രി മുഹമ്മദ് അല്‍ഗബ്ബാന്‍ പറഞ്ഞു. തിക്‌രീതിലെ ഭൂരിഭാഗം പ്രദേശങ്ങളും ഒഴിപ്പിച്ചതായും വളരെ കുറച്ച് സ്ഥലങ്ങളിലെ ചെറുത്ത്‌നില്‍പ്പ് തുടരുന്നൊള്ളുവെന്നും അദ്ദേഹം പറഞ്ഞു. നഗരം പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ സൈന്യം ഒരുമാസത്തോളമായി പോരാട്ടം നടത്തുന്നു. ഇറാഖ് സര്‍ക്കാറിനെ എതിര്‍ക്കുന്ന തീവ്രവാദികളുടെ ശക്തികേന്ദ്രമായ തിക്‌രീതില്‍ ഇവരെ ലക്ഷ്യംവെച്ച് അമേരിക്ക വ്യോമാക്രമണം നടത്തുന്നുണ്ട്.