ലോക മുത്തശ്ശി മിസാവോ ഒകാവ 117 ാം വയസ്സില്‍ അന്തരിച്ചു

Posted on: April 2, 2015 6:00 am | Last updated: April 2, 2015 at 7:02 am

ടോക്യോ: ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയായി അറിയപ്പെടുന്ന 117 വയസ്സുകാരിയായ മുത്തശ്ശി മിസാവോ ഒകാവ ജപ്പാനില്‍ അന്തരിച്ചു. ഒസാകയിലുള്ള നഴ്‌സിംഗ് ഹോമിലായിരുന്നു അന്ത്യം. 117ാം പിറന്നാല്‍ കഴിഞ്ഞ മാസമാണ് ഒകാവാ മുത്തശ്ശി ആഘോഷിച്ചത്. റൈറ്റ് സഹോദരന്മാര്‍ മനുഷ്യനിര്‍മിത വിമാനം കണ്ടുപിടിക്കുന്നതിനും അഞ്ച് വര്‍ഷം മുമ്പ,് അതായത് 1898 മാര്‍ച്ച് അഞ്ചിനാണ് ഒകാവ ജനിച്ചു. മൂന്ന് മക്കള്‍ക്കും നാല് പേരക്കുട്ടികള്‍ക്കും അവരുടെ ആറ് മക്കള്‍ക്കും ഒപ്പമായിരുന്നു താമസം. ഒന്നാം ലോക മഹായുദ്ധകാലത്ത് യുവതിയായിരുന്ന ഒകാവായുടെ 70ാം വയസ്സിലായിരുന്നു ലോകത്തെ ആദ്യ ചാന്ദ്രദൗത്യം നടക്കുന്നത്.
2013 ല്‍ 114ാം മത്തെ വയസ്സില്‍, ഒകാവ ലോകത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയും ഏറ്റവും പ്രായമേറിയ വനിതയുമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു.
ദീര്‍ഘായുസ്സിന് പേര് കേട്ട രാജ്യമായാണ് ജപ്പാന്‍ പൊതുവെ അറിയപ്പെടുന്നത്. ലോകത്തെ ഏറ്റവും പ്രായമേറിയ പുരുഷനായി അറിയപ്പെട്ടിരുന്ന 112 കാരനായ സാകരി മൊമോയ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ജന്മദിനം ആഘോഷിച്ചത്. നിലവില്‍ ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നിലയില്‍ അറിയപ്പെടുന്നത് അമേരിക്കക്കാരനായ 116 കാരന്‍ ഗെര്‍ച്വര്‍ വീവര്‍ ആണ്.