Connect with us

Palakkad

ജില്ലയില്‍ ചൂട് ആശങ്കാ നിലയിലേക്ക്

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ ചൂട് ആശങ്കാജനകമായ നിലയിലേക്ക് ഉയരുന്നു. ഉയര്‍ന്നതാപനില വീണ്ടും 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. മുണ്ടൂരിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.മുണ്ടൂര്‍ ഐ ആര്‍ ടി സി യിലെ കണക്കുകള്‍ ആണ് താപനില ഉയര്‍ന്നതായി സുചിപ്പിക്കുന്നത്. പട്ടാമ്പിയില്‍ 38.5 ഡിഗ്രി സെല്‍ഷ്യസും മലമ്പുഴയില്‍ 36.7 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി.
പല ദിവസങ്ങളിലും ചൂട് 40 ഡിഗ്രി കടക്കുന്നു.ഉയര്‍ന്ന താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം വലുതായിക്കൊണ്ടിരിക്കുന്നതാണ് ചൂടിന്റെ പ്രകടമായ ചുവടുമാറ്റം.ജനജീവിതം ദുസ്സഹമാക്കിയിരിക്കുയാണ്.ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ പത്തോളം പേര്‍ക്ക് സൂര്യാഘാതമേറ്റിട്ടുണ്ട്. ജില്ലയില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയ ഉയര്‍ന്ന താപനിലയാണ് 41 ഡിഗ്രി. വിഷു കഴിയും വരെ ജില്ലയില്‍ ഇനിയും ചൂട് കൂടാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. മുന്‍വര്‍ഷങ്ങളിലും മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 15 വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. ജില്ലയില്‍ ശരാശരി താപനില 38 ഡിഗ്രിക്കു മുകളിലാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വേനല്‍മഴയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും പെയ്തില്ല.
രാത്രിയിലും ഉയര്‍ന്ന താപനില തുടരുകയാണ്. കഴിഞ്ഞ ആഴ്ച കുറഞ്ഞ താപനില 20 ല്‍ താഴെ എത്തിയിരുന്നെങ്കിലും ഇന്നലെ കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസിലെത്തി. മീനച്ചൂടില്‍ നാട് വേകുന്ന നിലയിലാകും എന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം.
ചൂടിന്റെ ഭാഗമായി കുടിവെള്ളക്ഷാമവും വേനല്‍ക്കാലരോഗങ്ങളും വ്യാപകമാകുമെന്ന ആശങ്കയും ഉയരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച കേരളത്തിലെ മിക്കജില്ലകളിലും മഴ ലഭിച്ചതിനെത്തുടര്‍ന്ന് ചൂടിന്റെ കാഠിന്യം നന്നേ കുറഞ്ഞിരുന്നു. വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും ചൂട് കൂടുമെന്നാണ് കാലാവസ്ഥാനിരീക്ഷകരുടെ പ്രവചനം.

സൂര്യാഘാതം: തൊഴില്‍ സമയം
പുനഃക്രമീകരിച്ചു
പാലക്കാട്: താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് പ്രതിരോധിക്കുന്നതിനായി ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ തൊഴില്‍ സമയം പുന:ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു. പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമവേള ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴു മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെയുളള സമയത്തിനുളളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. രാവിലെയും ഉച്ചയ്ക്കുശേഷവുമുളള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുകയും വൈകുന്നേരം മുന്നു മണിക്ക് ആരംഭിക്കുന്ന പ്രകാരവുമായിരിക്കും. സമുദ്ര നിരപ്പില്‍ നിന്നും 3000 അടിയില്‍ കൂടുതല്‍ ഉയരമുളളതും സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്തതുമായ മേഖലകളെ സമയപുനക്രമീകരണത്തില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Latest