വാളയാര്‍ ചെക്ക്‌പോസ്റ്റ് നവീകരണം: രണ്ട് വര്‍ഷമായിട്ടും നടപടിയായില്ല

Posted on: April 1, 2015 12:38 pm | Last updated: April 1, 2015 at 12:38 pm

പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ അടിയന്തിരമായി നടപ്പാക്കേണ്ട നവീകരണ പദ്ധതികളെക്കുറിച്ച് മുന്‍ സ്‌പെഷല്‍ ഓഫിസര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രണ്ടു വര്‍ഷമായിട്ടും നടപടിയില്ല.
വാളയാറിലെ മോട്ടോര്‍ വാഹന, വാണിജ്യ നികുതി, എക്‌സൈസ്, മൃഗസംരക്ഷണ, വനം വകുപ്പ് ചെക്‌പോസ്റ്റുകളില്‍ നടപ്പാക്കേണ്ട നവീകരണ പദ്ധതികളെക്കുറിച്ച് മുന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ ബിജു പ്രഭാകര്‍ 2013ല്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ചെക്‌പോസ്റ്റുകളില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യമൊരുക്കണമെന്നും നികുതി വെട്ടിപ്പ് തടയാന്‍ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെക്‌പോസ്റ്റില്‍ ലോറികള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ പാര്‍ക്കിങ് സ്ഥലം അനുവദിക്കണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ലോറിക്കാര്‍ നാലു ദിവസം വരെ വാളയാറിലെ കുരുക്കില്‍ അകപ്പെട്ടതിനെ തുടര്‍ന്നു ലോറിക്കാര്‍ ഇതുവഴിയുള്ള ചരക്ക് ഗതാഗതം കുറച്ചു നാള്‍ നിര്‍ത്തിവച്ചിരുന്നു. ലോറി ഉടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കൂടുതല്‍ പാര്‍ക്കിങ് സ്ഥലം അനുവദിക്കാന്‍ തീരുമാനിച്ചു.
ഇതിനായി 30 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അതുണ്ടായില്ല. കുറഞ്ഞത് അഞ്ചു വേ ബ്രിജ് സ്ഥാപിക്കുക, സംയോജിത ചെക്‌പോസ്റ്റ് സംവിധാനമൊരുക്കുക, സ്‌കാനര്‍ സ്ഥാപിക്കുക, നികുതി വെട്ടിപ്പു തടയാനും നടപടികള്‍ സുതാര്യമാക്കാനും ചെക്‌പോസ്റ്റില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക എന്നിവയും റിപ്പോര്‍ട്ടിലുണ്ട്.സി സി ടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെന്നും ഉടന്‍ സ്ഥാപിക്കുമെന്നും 2014ല്‍ ചെക്‌പോസ്റ്റ് സന്ദര്‍ശനത്തിനെത്തിയ മന്ത്രി കെ എം മാണി അറിയിച്ചിരുന്നു. പക്ഷേ ഇതുവരെ നടപടികളൊന്നുമായില്ല. ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ലോറിക്കാര്‍ക്ക് സഹായത്തിനായി ലോറി ഉടമകളുടെ സംഘടനകള്‍ ചേര്‍ന്ന് ചെക്‌പോസ്റ്റിനു സമീപം ഹെല്‍പ് ലൈന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര അടിസ്ഥാന സൗകര്യമൊരുക്കിയില്ലെന്ന് ആരോപിച്ച് സംഘടന ഇതു അടച്ചു പൂട്ടി. വാളയാറിലൂടെയുള്ള ചരക്കുനീക്കം സുഗമമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ലോറി ഉടമകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലിറങ്ങിയിരിക്കുകയാണ്.