Connect with us

Wayanad

മെഡിക്കല്‍ കോളജിന് മെയ് നാലിന് തറക്കല്ലിടണം: കിസാന്‍ജനത

Published

|

Last Updated

കല്‍പ്പറ്റ: മെയ് നാലിനു മുഖ്യമന്ത്രി ജില്ലയിലെത്തുമ്പോള്‍ മെഡിക്കല്‍ കോളജിന് തറക്കല്ലിടണമെന്നു കിസാന്‍ജനത ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മടക്കിമലയില്‍ ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കിയ 50 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ ആവശ്യമായ സ്ഥലത്ത് മരം മുറിച്ചുനീക്കാന്‍ അനുമതി നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ നടപടി ക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി തറക്കല്ലിടണം. 2012ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മലപ്പുറം, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തനം തുടങ്ങി. ചികില്‍സ ലഭിക്കാതെ ആദിവാസികളടക്കമുള്ളവര്‍ ദുരിതമനുഭവിക്കുന്ന പിന്നാക്ക ജില്ലയായ വയനാട്ടില്‍ ഇതുവരെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. സൗകര്യമുള്ള ഭൂമി ലഭ്യമാവാത്തതാണ് കാരണമായി പറഞ്ഞിരുന്നത്. ഈ അവസ്ഥയിലാണ് ചന്ദ്രപ്രഭ ട്രസ്റ്റ് ഭൂമി നല്‍കിയത്. ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഉയര്‍ത്തിയ അനാവശ്യ എതിര്‍പ്പുകള്‍ മറികടന്നാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്. മെഡിക്കല്‍ കോളജ് കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുമെന്നതിനാല്‍ അവശ്യവിഭാഗങ്ങള്‍ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കാന്‍ നടപടിയെടുക്കണം. മെഡിക്കല്‍ കോളജ് നിര്‍മാണം ആരംഭിക്കാന്‍ വൈകുന്നപക്ഷം കലക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം തുടങ്ങും. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ജെ ദേവസ്യ, ജില്ലാ പ്രസിഡന്റ് വി പി വര്‍ക്കി, സി ഒ വര്‍ഗീസ്, കെ ഷിബു പങ്കെടുത്തു.