കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം: ഓട്ടോറിക്ഷയും കടയും തകര്‍ത്തു

Posted on: April 1, 2015 12:26 pm | Last updated: April 1, 2015 at 12:26 pm

ഗൂഡല്ലൂര്‍: പാക്കണയിലും, ബാര്‍വുഡിലും കാട്ടാനക്കൂട്ടത്തിന്റെ പരാക്രമം ഓട്ടോറിക്ഷയും, കടയും തകര്‍ത്തു. പാക്കണ സ്വദേശി മുഹമ്മദ് അഷ്‌റഫിന്റെ ഓട്ടോറിക്ഷയാണ് ഒറ്റയാന്‍ തകര്‍ത്തത്. വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയാണ് തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പാക്കണ നഗരത്തിലിറങ്ങിയ ഒറ്റയാന്‍ പരിഭ്രാന്തിപരത്തി. പാക്കണയിലെ യൂസുഫിന്റെ വിറക് ഷെഡിലേക്ക് മരംമറിച്ചിട്ടു.
പ്രദേശവാസിയായ ബാപ്പുട്ടിയെ കൊലപ്പെടുത്തിയ ആനയാണ് ഭീതിപരത്തുന്നത്. നേരംഇരുട്ടിയാല്‍ ഒറ്റയാന്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി നാശം വരുത്തുകയാണ് ചെയ്യുന്നത്. നേരംസന്ധ്യയായാല്‍ ജനങ്ങള്‍ ഇപ്പോള്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. അത്‌പോലെ ഓവാലി പഞ്ചായത്തിലെ ബാര്‍വുഡിലും കാട്ടാനക്കൂട്ടം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബാര്‍വുഡ് ഗവ. ഹൈസ്‌കൂളിന് സമീപത്തെ രവിയുടെ കട കാട്ടാനക്കൂട്ടം തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഒമ്പത് ആനകളടങ്ങിയ കൂട്ടമാണ് നാശം വരുത്തിയത്. കടയുടെ അകത്തുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം നശിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇവര്‍ വനംവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. വിവരമറിഞ്ഞ് ഓവാലി ഫോറസ്റ്റ് റെയ്ഞ്ചര്‍ ചടയപ്പന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.